ദളിത് പ്രവേശനം തടഞ്ഞു; സേലം ക്ഷേത്രം അടച്ചു

Wednesday 28 December 2022 12:37 AM IST

ചെന്നൈ: ദളിതരുടെ പ്രവേശനം തടഞ്ഞ തമിഴ്‌നാട് സേലം, വിരുദാസംപട്ടിയിലെ ശക്തി മാരിയമ്മൻ ക്ഷേത്രം റവന്യു ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ ആൻഡ് സി.ഇ) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം അടുത്തിടെ നവീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതിന് ശേഷമാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. തുടർന്ന് ഒക്ടോബർ 31ന് റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതേത്തുടർന്ന് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നു.

എന്നാൽ, ഞായറാഴ്ച വൈകിട്ട് ഉയർന്ന ജാതിക്കാരായ സ്ത്രീകളാണ് ക്ഷേത്രത്തിലെത്തിയ ദളിതരെ തടഞ്ഞത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ക്ഷേത്ര പരിസരത്ത് സംഘർഷവുമുണ്ടായി. പൊലീസും റവന്യു ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എന്നാൽ ദളിതർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കില്ലെന്ന് ഉയർന്ന ജാതിക്കാർ ഉറച്ചുനിന്നതോടെയാണ് റവന്യു ഉദ്യോഗസ്ഥർ രാത്രിയോടെ ക്ഷേത്രം സീൽ ചെയ്തത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കനത്ത പൊലീസ് കാവലുമുണ്ട്.

Advertisement
Advertisement