വീഴരുത് ഇവിടെയൊരു കുഞ്ഞുകണ്ണീർക്കണം പോലും

Wednesday 28 December 2022 12:00 AM IST

വീണ്ടുമൊരു കൗമാര കലോത്സവം. മഹാമാരി വിതച്ച അടച്ചുപൂട്ടലുകളിൽ നിന്ന് ജീവശ്വാസമെടുത്തുകൊണ്ട് രണ്ടുവർഷത്തിനുശേഷം പുനരാരംഭിക്കുന്ന മേളയ്ക്കായി കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ കൗമാരകലോത്സവം പരാതിരഹിത മേളയായിരിക്കുമെന്ന് സംഘാടനം തുടങ്ങിയനാൾ തന്നെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇനിയെങ്ങാൻ വല്ല പരാതിയും അപശബ്ദങ്ങളുമുയർന്നാൽ അത് കോഴിക്കോടിന്റെ നാലതിരുകൾക്കപ്പുറം പോകാതെ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സംഘാടകസമിതി ചെയർമാനും നാട്ടുകാരനുമായ മന്ത്രി മുഹമ്മദ് റിയാസും. അപ്പോൾപ്പിന്നെ നമുക്ക് കുട്ടികളുമായി മേളപ്പെരുക്കത്തിലേക്ക് അടിവച്ചു നീങ്ങാം.

സംഘാടനംകൊണ്ടും പങ്കാളിത്തംകൊണ്ടും കാഴ്ചക്കാരെക്കൊണ്ടും ഇതുപോലെ നിറയുന്ന മറ്റേതെങ്കിലുമൊരു മേള അതും കൗമാരമേള കേരളത്തിലല്ല മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നുതന്നെ ഉത്തരം. അതുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെന്ന് നാം ഈ ഉത്സവത്തിന് പേരിട്ടത്.
61ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട്ട് 24വേദികളിലായാണ് നടക്കുന്നത്.

2015ലാണ് കോഴിക്കോട് അവസാനമായി കലോത്സവത്തിന് വേദിയായത്. അന്ന് എറണാകുളമായിരുന്നു മുൻകൂട്ടി തീരുമാനിച്ച വേദി. പക്ഷേ മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളം നഗരം തിരക്കുകളിൽ വീർപ്പുമുട്ടിയപ്പോൾ കലോത്സവം ആര് ഏറ്റെടുക്കുമെന്ന് ചോദ്യമുയർന്നു. ആതിഥ്യമരുളുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കാറുള്ള കോഴിക്കോട് ഹൃദയപൂർവം ആ വെല്ലുവിളി സ്വീകരിച്ചു. ഇന്ന് അഞ്ചുദിവസത്തേക്ക് കലോത്സവം ചുരുങ്ങിയെങ്കിൽ അന്ന് 14 വേദികളിലായി ഏഴു ദിവസമായി യാതൊരു പോറലുമേൽക്കാതെ കോഴിക്കോട് കലോത്സവം നടത്തിക്കാണിച്ചു. ഇന്ന് 24വേദികളിലായി അഞ്ചുദിവസത്തെ സമയമാണ് അനുവദിക്കപ്പെട്ടതെങ്കിൽ ഒരു കുറ്റവും കുറവുമില്ലാതെ അത് ഭംഗിയോടെ നടത്താമെന്ന് ഇതുവരേയുള്ള ഒരുക്കങ്ങൾ സാമൂതിരിയുടെ കോഴിക്കോട് കേരളത്തോട് വിളിച്ചുപറയുന്നു.

ചരിത്രം പരിശോധിച്ചാൽ കേരള സംസ്ഥാനം പിറന്ന അടുത്തവർഷം തന്നെ കലോത്സവം ആരംഭിച്ചു. കേരളസംസ്ഥാനത്തിന്റെ പിറവിക്കൊപ്പം അരങ്ങ് കാണാൻ തുടങ്ങിയ കൗമാര കലോത്സവം കോഴിക്കോട്ട് വീണ്ടുമെത്തുമ്പോൾ 61വയസ്. 1957 ജനുവരി 25 മുതൽ 28 വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ കലോത്സവം ആരംഭിച്ചത്. ഏതാനും മുറികളിൽ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂൾ കലോത്സവം 61 -ാമത് കലോത്സവത്തിലെത്തുമ്പോൾ 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

ഹൈസ്‌‌കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.
1976ൽ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോത്സവം വളരെ വിപുലവും, പ്രൊഫഷണലുമായി സംഘടിപ്പിക്കപ്പെട്ടുതുടങ്ങി. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാൻ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തി.
കലോത്സവത്തിന്റെ മറ്റൊരു ആകർഷണത കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടർന്നുപോരുന്നു. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണക്കപ്പ് നൽകുന്നു. അങ്ങനെ നിരവധി പരിണാമങ്ങൾ സംഭവിച്ചുകൊണ്ടും കൊവിഡ് പ്രതിസന്ധിയെ മറികടന്നും ഈ വർഷത്തെ കലോത്സവം കോഴിക്കോട് എത്തി നിൽക്കുന്നു. രണ്ട് വർഷത്തെ അടച്ചുപൂട്ടലിന് ശേഷം കേരളത്തിന്റെ മക്കൾക്ക് അതൊക്കെ മറന്ന് ആഘോഷിക്കാനുള്ള ദിനങ്ങൾ....
ഒരു സന്തോഷ വാർത്തയുണ്ട്. പഴയതുപോലെ കലോത്സവം കെങ്കേമമാക്കാൻ കോട്ടയത്തുനിന്നും രുചിയുടെ പെരുമാൾ പഴയിടം മോഹൻ നമ്പൂതിരി കോഴിക്കോട്ടെത്തിയിട്ടുണ്ട്. കലവറയുടെ കാരണവർ ഊട്ടുപുരയും പരിസരവുമെല്ലാം കൃത്യമായും കണിശമായും പരിശോധിച്ചു. എന്തൊക്കെയുണ്ട് ഇത്തവണ കൈയിലെന്ന ചോദ്യത്തിന് ' നൂറുപായസക്കൂട്ടുണ്ട്...പിന്നെ കോടിക്കോട്ടുകാർ ആവശ്യപ്പെടുന്നതെന്തും ...' അഞ്ചുദിവസമായി ഒരുലക്ഷത്തി എഴുപതിനായിരം പേർക്കുള്ള ഭക്ഷണമാണ് കലവറയിൽ ഒരുങ്ങുക. ഉച്ചയ്ക്ക് മാത്രം 15,000പേർ. കോഴിക്കോട്ടെ അവസാന കലോത്സവത്തിലൊരു നാൾ ഉച്ചയ്ക്ക് കാൽലക്ഷം പേർക്ക് അക്ഷയപാത്രത്തിൽ നിന്നെന്നോണം ഭക്ഷണം വിളമ്പിയതാണ് പഴയിടത്തിന്റെ റെക്കോഡ്.

ഉത്സവങ്ങളെല്ലാം ജനതയ്ക്ക് ആഘോഷിക്കാനുള്ളതാണ്. അതിനപ്പുറത്ത് സ്വയം നവീകരിക്കലിനും. 57മുതൽ ഇങ്ങോട്ടുള്ള മേളകളെല്ലാം പരിശോധിച്ചാൽ ഒരുപാട് കുട്ടികളുടെ കണ്ണീരു വീണുടഞ്ഞിട്ടുണ്ട് മേളകളിൽ. അത് സബ്‌ജില്ല മുതൽ സംസ്ഥാന കലോത്സവം വരെ. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടുന്ന കുട്ടിക്കാണ് പൊതുപരീക്ഷകളിൽ സാധാരണയായി ഗ്രേസ് മാർക്കുള്ളത്. അങ്ങനെ വന്നപ്പോൾ കുട്ടിയെ മേളയ്‌ക്കെത്തിച്ചാൽ ഇത്ര ലക്ഷമെന്ന് കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന കൊള്ളസംഘങ്ങളുണ്ടായിരുന്നു ഒരു കാലത്ത് കേരളത്തിൽ. അതിൽ പ്രതിസ്ഥാനത്ത് പലപ്പോഴും അദ്ധ്യാപകരും രക്ഷിതാക്കളും ഗുരുനാഥന്മാരും വിധികർത്താക്കളും ഉണ്ടായിരുന്നു. കുട്ടികൾക്കിടയിലെ മത്സരങ്ങൾ ചിലപ്പോഴെങ്കിലും രക്ഷിതാക്കളും സ്‌കൂളുകളും തമ്മിലായി. അങ്ങനെ ഒരു പാട് അനാരോഗ്യകരമായ പ്രവണതകളിലൂടെ സഞ്ചരിച്ചു കൗമാരകലോത്സവം.

ചിലങ്ക വലിച്ചെറിഞ്ഞ് കണ്ണീർതൂകി ഒരു വേദിയിലും ഇനി എന്നെക്കാണില്ലെന്ന് കുട്ടികൾ പറഞ്ഞ അനുഭവങ്ങൾവരെ കലോത്സവകാലങ്ങളിലുണ്ടായി. കലോത്സവം ഇന്ന് 61ലാണ്. ഇതിനപ്പുറത്ത് പക്വത കൈവരിക്കാനില്ല. എങ്കിലും ജില്ലതലത്തിൽ പാലക്കാട്ടും വയനാട്ടിലും കാസർകോട്ടുമെല്ലാം നിരവധി അനാരോഗ്യ പ്രവണതകളും അതിന്റെ പേരിലുള്ള തല്ലുകൂടലുകളുമെല്ലാം നടന്നു. അതോടെ അപ്പീലുകളുടെ എണ്ണവും കൂടി. അർഹതപ്പെട്ടവർ പുറത്താകുന്ന അവസ്ഥയുമുണ്ടായി. വീണ്ടും വിദ്യാഭ്യാസമന്ത്രിയുടെ ആ ഉറപ്പ് ഒന്നുകൂടി ഓർമിപ്പിച്ച് നിറുത്തുന്നു...' കോഴിക്കോട്ടെ കലോത്സവം പരാതി രഹിതമായിരിക്കും..' ആ ഉറപ്പ് ഞങ്ങൾക്ക് വിശ്വാസമാകുന്നു.

Advertisement
Advertisement