വിമാനത്താവളത്തിലെ കൊവിഡ് ഡ്യൂട്ടി: അദ്ധ്യാപകരെ നിയമിക്കില്ല

Wednesday 28 December 2022 12:48 AM IST

ന്യൂഡൽഹി: അദ്ധ്യാപകരെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ഡൽഹി ദുരന്ത നിവരണ അതോറിട്ടി ഉത്തരവ് പിൻവലിച്ചു. അദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നാണിത്. വിദേശ യാത്രക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിസംബർ 31 മുതൽ ജനുവരി 15 വരെ 40 സർക്കാർ സ്‌കൂൾ അദ്ധ്യാപകരെ വിമാനത്താവളത്തിൽ നിയോഗിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ സർക്കാർ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.

കൊവിഡിന്റെ പേരിൽ, അദ്ധ്യാപകരെ റിസർവ് ബറ്റാലിയനുകളായി കണക്കാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അസോസിയേഷൻ നേതാവ് അജയ് വീർ യാദവ് പറഞ്ഞു. അദ്ധ്യാപകരെ ഇത്തരം ജോലിക്ക് നിയോഗിക്കാനുള്ള തീരുമാനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരെ വിമാനത്താവളത്തിൽ നിയോഗിച്ച് പരിശോധന നടത്താനുള്ള അടിയന്തര സാഹചര്യമില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

2020 മാർച്ചിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇത്തരം നിർദ്ദേശങ്ങൾ പതിവായി നൽകാറുണ്ടെന്നാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ദുരന്ത നിവാരണ അതോറിട്ടിയുടെ വിശദീകരണം.

അതിനിടെ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ ആശുപത്രികളിലെ ഡയറക്ടർമാരുമായും മെഡിക്കൽ സൂപ്രണ്ടുമാരുമായുള്ള അവലോകന യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചു.

Advertisement
Advertisement