ഹിജാബില്ലാതെ മത്സരത്തിനിറങ്ങി ഇറാനിയൻ ചെസ് താരം
ദൂബായ്: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നല്കി നിരവധി വനിതകളാണ് ഹിജാബ് ധരിക്കാതെ കായികയിനങ്ങളിൽ മത്സരിച്ചത്. അക്കൂട്ടത്തിൽ ഇനി ഇറാനിയൻ ചെസ് താരമായ സാറാ ഖാഡെമും ഉണ്ടാകും. കസാക്കിസ്ഥാനിലെ അൽമാറ്രിയിൽ നടന്ന എഫ്. ഐ. ഡി. ഇ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിൽ സാറാ ഹിജാബില്ലാതെ മത്സരിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശിരോവസ്ത്രം ധരിച്ചും ധരിക്കാതെയുമുള്ള സാറയുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ഇത് ടൂർണമെന്റിലെ ചിത്രങ്ങൾ തന്നെയാണോയെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സാറയുടെ ഭാഗത്തു നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സരസദത്ത് ഖദേമൽ ഷാരിഹ് എന്നും അറിയപ്പെടുന്ന സാറ അറിയപ്പെടുന്ന ചെസ് പ്ളയറാണ്.
ഒക്ടോബറിൽ ഇറാനിയൻ പർവതാരോഹകയായ എൽനാസ് റെകാബി ദക്ഷിണകൊറിയയിൽ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചിരുന്നു. പിന്നീട് അത് അബദ്ധം സംഭവിച്ചതാണെന്നുള്ള വിശദീകരണം അവർ നല്കിയിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് അമ്പെയ്ത്തു താരവും രംഗത്തെത്തിയിരുന്നു. നവംബറിൽ ഇറാന്റെ ഡെപ്യൂട്ടി കായിക മന്ത്രി മറിയം കസെമിപൂർ ചില ഇറാനിയൻ വനിതാ താരങ്ങൾ ഇസ്ലാം മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും അതിൽ അവർ ക്ഷമാപണം നടത്തിയെന്നും പറഞ്ഞിരുന്നു. നിരവധി താരങ്ങൾ മത്സരങ്ങൾക്കിടെ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനില്ക്കുകയും ചെയ്തിരുന്നു.