കണ്ടത് വിസ്‌മയം, കാണാനുള്ളത്; 'പൊന്നിയിൻ സെൽവൻ 2' റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ വീഡിയോ

Wednesday 28 December 2022 5:02 PM IST

വൻ താരനിരയിൽ മണിരത്നം ഒരുക്കിയ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് തെന്നിന്ത്യൻ സിനിമാസ്വാദകർ വൻ വരവേൽപ്പാണ് നൽകിയത്. ഇപ്പോഴിതാ 'പൊന്നിയിൻ സെൽവൻ 2'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2023 ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലെെക്ക പ്രൊഡക്ഷൻസാണ് റിലീസ് വിവരം പങ്കുവച്ചത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ് എന്നിവർ അടങ്ങുന്ന ചെറു വീഡിയോയും പ്രഖ്യാപനത്തിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. സെപ്തംബറിലാണ് ഒന്നാം ഭാഗം റിലീസിനെത്തിയത്.

ആദ്യ ഭാഗം ബോക്സ് ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ് ,​റഹ്മാൻ തുടങ്ങി നീണ്ട താരനിര അണിനിരന്നിരുന്നു.