കായൽയാത്ര ആസ്വദിക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്.

Thursday 29 December 2022 12:00 AM IST

കോട്ടയം. പുതുവൽസരത്തിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്. ആഘോഷ ദിനങ്ങളിൽ കായൽ യാത്രക്കായി ടൂറിസ്റ്റുകൾ എത്തിയതോടെ നേട്ടം കൊയ്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ. ആഘോഷകാലവും അവധി ദിനങ്ങളും എത്തിയതോടെ ബോട്ട് യാത്ര ആസ്വദിക്കുവാൻ കോടിമത ബോട്ട് ജെട്ടിയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതാണ് ജലഗതാഗത വകുപ്പിന് നേട്ടമായത്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്രചെയ്യുന്നവരുടെ പ്രതിദിനകണക്ക് 999ന് മുകളിലാണ്. ഡിസംബർ തുടക്കത്തിൽ തന്നെ ബോട്ട് യാത്രക്കായി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. വിദേശ ടൂറിസ്റ്റുകളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും തദ്ദേശീയരായ ടൂറിസ്റ്റുകളാണ് ബോട്ട് യാത്ര ആസ്വദിക്കാൻ കൂടുതലായി എത്തുന്നത്.
കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴക്കാണ് സർവീസ് നടത്തുന്നത്. പുതുവത്സര ദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമായി.

ജലഗതാഗത വകുപ്പിന്റെ മൂന്നു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയം കോടിമതിയിൽ നിന്ന് ആലപ്പുഴയ്ക്ക് രണ്ടു ബോട്ടും, ആലപ്പുഴയിൽനിന്ന് കോടിമതയിലേക്ക് ഒരു ബോട്ടുമാണുള്ളത്. രാവിലെ 5 , 6.45, 11.30, ഉച്ചയ്ക്ക് 1, 3, 5 എന്നിങ്ങനെയാണ് കോട്ടയം- ആലപ്പുഴ സർവീസ് സമയം. സ്വകാര്യ ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. പാക്കേജ് സർവീസ് ആയതിനാൽ, വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂറിസ്റ്റുകളും എത്തുന്നുണ്ട്. പാലങ്ങൾ പണിമുടക്കിയില്ലെങ്കിൽ സർവീസ് സുഗമമായി നടത്താമെന്ന ആശ്വാസത്തിലാണ് ജലഗതാഗത വകുപ്പ്.

സ്‌റ്റേഷൻ മാസ്റ്റർ നജീബ് പറയുന്നു.

ആഘോഷ നാളിൽ ബോട്ട് യാത്രക്കായി സഞ്ചാരികൾ എത്തിയതോടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായി. നിലവിൽ പ്രതിദിനം 20000 രൂപ ലഭിക്കുന്നുണ്ട്.

Advertisement
Advertisement