ളാഹയിലെ അപകടക്കെണി

Thursday 29 December 2022 12:00 AM IST

ത്തവണ ശബരിമല തീർത്ഥാടനത്തിന് പതിവിലും കൂടുതൽ തിരക്കാണ്. കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി ശബരിമലയിലേക്ക് എത്താൻ കഴിയാതിരുന്ന ഭക്തർ ഇൗ വർഷം അയ്യപ്പദർശനം തേടി വരുന്നുണ്ട്. തീർത്ഥാടക ബാഹുല്യമേറുന്തോറും ശബരിമലയിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും പെരുകുന്നു. നിലയ്ക്കലിൽ പാർക്കിംഗ് മൈതാനം വിപുലമാക്കിയതിനാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാവുന്നുണ്ട്. പക്ഷേ, വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും റോഡ് സുരക്ഷാ അധികൃതർ നടപടിയെടുക്കാത്തത് ശബരിമല പാതയിൽ ചോര വീഴ്‌ത്തുന്നു.

ശബരിമല റോഡിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് ളാഹ വിളക്കുവഞ്ചി വളവിലാണ്. ഇതിനകം രണ്ട് വലിയ അപകടങ്ങൾ നടന്നു. ജീവഹാനി സംഭവിക്കാത്തതിനാൽ അപകടങ്ങളെക്കുറിച്ച് അധികൃതർ ജാഗരൂകരായിട്ടില്ല. അപകടങ്ങളൊഴിവാക്കാൻ ഇടപെടലുകളുമില്ല. വിളക്കുവഞ്ചിയിൽ റോഡിലെ വളവ് നിർമാണത്തിലെ അശാസ്ത്രീയതയെപ്പറ്റി പല കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. സാധാരണ നിലയിൽ തീർത്ഥാടനം നടന്ന മുൻ വർഷങ്ങളിലും ളാഹ വളവ് അപകടക്കെണിയായി മാറിയിട്ടുണ്ട്. എന്നാൽ, ഇതുവരെ നട‌ന്ന എല്ലാ അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധ കാരണമാണെന്ന് ദേശീയപാത അധികൃതർ പറയുന്നു. ദർശനത്തിന് മല കയറിയ ഡ്രൈവർമാർ ക്ഷീണിതരായി വാഹനമോടിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നതെന്ന് അധികൃതർ വാദിക്കുന്നു. എന്നാൽ, എന്തുകൊണ്ട് ളാഹ വളവിൽ മാത്രം അപകടങ്ങൾ സംഭവിക്കുന്നു എന്നതിന് അവർ ഉത്തരം പറയുന്നില്ല.

അശാസ്ത്രീയമായ

റോഡ് നിർമാണം

ളാഹ വിളക്കുവഞ്ചിയിൽ റോഡിലെ ഇറക്കവും ചരിവോടെയുള്ള വലിയ വളവുമാണ് തുടർച്ചയായി അപകടങ്ങളുണ്ടാക്കുന്നത്. തീർത്ഥാടനകാലത്ത് ഇരുപത്തിനാല് മണിക്കൂറും മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയുള്ള സ്ഥലമാണ് ളാഹ. റോഡിന്റെ അശാസ്ത്രീയ നിർമാണവും വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതുമാണ് വിളക്കുവഞ്ചയിലെ അപകടങ്ങൾക്ക് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ദേശീയപാത അധികൃതർ അതംഗീകരിച്ച് പരിഹാര നടപടികളെടുക്കുന്നില്ല.

ഇത്തവണ മണ്ഡലകാലം തുടങ്ങി മൂന്നാംനാൾ ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്ര തീർത്ഥാടകർ സഞ്ചരിച്ച ബസ് വിളക്കുവഞ്ചി ഇറക്കത്തിൽ ബ്രേക്ക് ചെയ്തപ്പോൾ തലകീഴായി മറിഞ്ഞ് 24 തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ 21ന് ഇതേ സ്ഥലത്ത് തമിഴ്നാട് സ്വദേശികളുടെ ബസ് മറിഞ്ഞു. തീർത്ഥാടകർ പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു. അതിന് മുൻപ് ഒരു ദിവസം മുൻപ് തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടവുമുണ്ടായി.

ആദ്യ അപകടം നടന്നപ്പോൾ റോഡിൽ വേഗനിയന്ത്രണ സംവിധാനം വേണമെന്ന് പ്രദേശവാസകളും ഭക്തസംഘടനകളും ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തെ ബസ് അപകടത്തിൽപ്പെട്ടപ്പോൾ ദേശീയപാത അധികൃതർ റോഡിൽ റിഫ്ളക്ടറുകൾ ഘടിപ്പിച്ച പൈപ്പുകൾ സ്ഥാപിച്ചു. റോഡിന് വീതി കുറവുള്ള ഇവിടെ ഇറക്കത്തിൽ വേഗത നിയന്ത്രിക്കാൻ റിഫ്ളക്ടറുകളും മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല. മിക്ക വാഹനങ്ങളും വരുന്നത് ടോപ് ഗിയറിലാണ്. വേഗത്തിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പെട്ടന്ന് വളവ് കാണുമ്പോൾ ബ്രേക്ക് ചെയ്യുന്നു. ഗിയർ തേഡിലേക്കും സെക്കൻഡിലേക്കും മാറ്റുന്നതിനിടെ വാഹനം വളവിൽ തലകീഴായി മറിയുന്നു.

തിരുത്തൽ വേണം

മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാതെ, ഡ്രൈവർമാരെ ഉറക്കംതൂങ്ങികളായി കാണുന്ന ദേശീയപാത അധികൃതരുടെ നയം തിരുത്തേണ്ടിയിരിക്കുന്നു. കൊവിഡിന് മുൻപ് തീർത്ഥാടനം സാധാരണ നിലയിൽ നടന്ന വർഷങ്ങളിലും ളാഹയിൽ അപകടങ്ങൾ തുടർച്ചയായി നടന്നിട്ടുണ്ട്.

ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നും നൂറ് കണക്കിന് കിലോമീറ്ററുകൾ താണ്ടി ഡ്രൈവ് ചെയ്‌തെത്തുന്നവർ ശ്രദ്ധയില്ലാതെ ഉറങ്ങിപ്പോകുന്നു എന്ന വാദം വീഴ്ച മറച്ചുപിടിക്കാൻ വേണ്ടിയുള്ളതാണ്. വളവിൽ ആവശ്യത്തിന് ഭൂമിയേറ്റെടുത്ത് റോഡ് വികസിപ്പിക്കുകയും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക മാത്രമാണ് അപകടങ്ങൾ കുറയ്ക്കാനുളള പോംവഴി.

സംസ്ഥാന പാതയായിരുന്ന പമ്പ - പ്ളാപ്പള്ളി റോഡ് ദേശീയപാത കൊല്ലം ഡിവിഷൻ ഏറ്റെടുത്തിരിക്കുകയാണ്. ദേശീയപാത 183എയുടെ ഭാഗമാക്കിയിരിക്കുകയാണ് റോഡ്. റോഡ് വികസിപ്പിക്കുമ്പോൾ ളാഹ വളവിൽ അപകടങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നു.

മുൻ വർഷങ്ങളിൽ തീർത്ഥാടനകാലം തുടങ്ങുന്നതിന് മുന്നോടിയായി അപകട വളവിൽ സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളും സ്ഥാപിച്ചിരുന്നു. ഇത്തവണ തീർത്ഥാടക വാഹനങ്ങളുടെ എണ്ണം കൂടുമെന്ന് അറിയാമായിരുന്നിട്ടും ദേശീയപാത അധികൃതർ സുരക്ഷാ നടപടകൾ എടുത്തില്ല. റോഡപകടങ്ങളുണ്ടായാൽ അടിയന്തര നട‌പടിക്കും ഒാട്ടത്തിനിടെ വാഹനങ്ങൾക്ക് തകരാറ് സംഭവിച്ചാൽ വേഗത്തിൽ അറ്റകുറ്റപ്പണി ഏർപ്പെടുത്താനും മോട്ടോർവാഹന വകുപ്പ് എല്ലാ വർഷവും ശബരിമല പാതയിൽ സേഫ് സോൺ പദ്ധതി നടപ്പാക്കുന്നുണ്ട്. കാര്യക്ഷമത കൊണ്ടും ചടുലമായ നടപടികൾകൊണ്ടും സേഫ് സോൺ ജനപ്രിയ പദ്ധതിയായി മാറിയിരുന്നു. എന്നാൽ, റോഡിലെ അപകടവളവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉത്തരവാദിത്വപ്പെട്ട റോഡ് വിഭാഗം കൂടി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മകരവിളക്ക് ഉത്സവകാലത്ത് ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തരെ കാത്തിരിക്കുന്നത് അപകടക്കെണികളായിരിക്കും.

Advertisement
Advertisement