വ‌ഞ്ചിയൂർ കോടതി വളപ്പിലെ ജലമോഷണം ; കുടിശിക അടയ്ക്കാമെന്ന് ബാർ അസോസിയേഷൻ

Thursday 29 December 2022 4:45 AM IST

തിരുവനന്തപുരം: വ‌ഞ്ചിയൂർ കോടതിവളപ്പിൽ നാലരക്കോടിയുടെ വെള്ളക്കുടിശിക അടയ്‌ക്കാതിരിക്കുകയും വാട്ടർ അതോറിട്ടി കട്ട് ചെയ്‌ത കണക്ഷൻ അനധികൃതമായി പുനഃസ്ഥാപിച്ച് ജലമോഷണം നടത്തുകയും ചെയ്‌ത സംഭവം ഒത്തുതീർപ്പിലേക്ക്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടയ്ക്കാമെന്ന് അനധികൃത കണക്ഷൻ കട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ന് ആംനെസ്റ്റി ഹിയറിംഗിൽ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് അടയ്ക്കേണ്ട തുക സംബന്ധിച്ച് വാട്ടർഅതോറിട്ടിയും അസോസിയേഷനും ധാരണയിലെത്തും.

ജനുവരി 4ന് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുമെന്നും അതിനുശേഷം കുടിശിക അടയ്ക്കാമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ആദ്യമായി നടത്തിയ ജലമോഷണമെന്ന നിലയിൽ രണ്ട് കണക്ഷനുകൾക്കുമായി ഒരുലക്ഷം രൂപ പിഴയിട്ടത് ഒഴിവാക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അസോസിയേഷൻ വിഷയം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നാളെ മന്ത്രിയുമായി യോഗവും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. വ‌ഞ്ചിയൂർ ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബാർ അസോസിയേഷൻ 3.05 കോടിയും അസോസിയേഷന് കീഴിലുള്ള കാന്റീൻ 1.38 കോടിയുമാണ് കുടിശിക വരുത്തിയത്.