ഗുണ്ടാപ്പകയിൽ പെറുതിമുട്ടി പാടശേരി ; നോക്കുകുത്തിയായി പൊലീസ്

Thursday 29 December 2022 3:45 AM IST

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന ഗുണ്ടാകുടിപ്പകയിൽ പൊറുതി മുട്ടിയിരിക്കുകയാണ് പാടശേരി നിവാസികൾ. മദ്യത്തിനും കഞ്ചാവുമുൾപ്പെടെയുള്ള ലഹരികൾക്കും അടിമകളായ ഗുണ്ടാസംഘങ്ങൾ പരസ്‌പരം പോർവിളിച്ചും ആക്രമിച്ചും നാടിന്റെ സ്വൈരത നശിപ്പിക്കുമ്പോൾ നിസഹായരാണ് നാട്ടുകാർ.

ഓട്ടോ തല്ലിത്തകർത്തതിനെ തുടർന്ന് കാൽപ്പാദത്തിന് വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന ശരത് രണ്ടുവർഷം മുമ്പ് കാപ്പ നിയമപ്രകാരം നാടുകടത്തലിന് വിധേയനായതാണ്.

അതിനുശേഷം തിരിച്ചെത്തി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പാടശേരിയിലും പരിസരത്തും ഭീതി സൃഷ്ടിക്കുകയായിരുന്നു. അയൽവാസിയായ ശിവന്റെ ഓട്ടോ അടിച്ചുതകർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്നലെ രാവിലെ ഇയാൾക്ക് വെട്ടേറ്റത്. കാൽപ്പാദം വേർപെട്ട നിലയിലായ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശരത്തിനെ ആക്രമിച്ച കേസിൽ ശിവനും സഹോദരനും ഒളിവിലാണ്. ഫോർട്ട് പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് പ്രദേശത്തെ ഗുണ്ടാ ഏറ്റുമുട്ടലുകൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതും പട്രോളിംഗ് ഫലപ്രദമല്ലാത്തതുമാണ് അക്രമങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Advertisement
Advertisement