റഷ്യൻ എം.പിയുടെ മരണം: ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്ന് റിപ്പോർട്ട്

Thursday 29 December 2022 2:01 AM IST

ന്യൂഡൽഹി: ഒഡിഷയിലെ റായഗഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ റഷ്യൻ എം.പിയും കോടീശ്വരനും വ്യവസായിയുമായ പവേൽ ആന്റോവിന്റെ (65) ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് ആന്റോവ് ശനിയാഴ്ച മരിച്ചത്. ഇതുകാരണുള്ള ആന്തരിക ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം അസ്വഭാവികതകളില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും റഷ്യൻ രാഷ്ട്രീയ നേതാവുമായ വ്ലാഡിമിർ ബുഡനോവ് (61) ഡിസംബർ 22ന് ഹൃദയാഘാതത്തെ തുടർന്ന് ഇതേ ഹോട്ടലിൽ മരിച്ചിരുന്നു. ബുഡനോവിന്റെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനകൾക്ക് ഭുവനേശ്വറിലെ ഫോറൻസിക് ലബോറട്ടറിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ആന്റനോവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി.

തന്റെ 66ാം പിറന്നാൾ ആഘോഷിക്കാനാണ് സുഹൃത്തുക്കളായ ബുഡനോവ്, പാൻസാസെൻകോ നറ്റാലിയ (44), ടറോവ് മിഖായിൽ (64) എന്നിവർക്കൊപ്പം ആന്റോവ് ഒഡിഷയിലെത്തിയത്. നറ്റാലിയേയും മിഖായിലിനേയും ഇവരുടെ ടൂർ ഗൈഡിനേയും കട്ടക്കിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്നലെ രാവിലെയും തുടർന്നു. ഇവരോട് ഒഡിഷ വിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

റഷ്യയിലെ അറിയപ്പെടുന്ന ഇറച്ചി വ്യാപാരിയും വ്ലാഡിമിറിൽ നിന്നുള്ള നിയമസഭാംഗവുമായ ആന്റോവ് ജൂണിൽ യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ 'സാങ്കേതിക പിഴവ്" എന്ന് കാട്ടി ഈ പോസ്റ്റ് അദ്ദേഹം പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ആന്റോവിന്റെയും ബുഡനോവിന്റെയും മരണത്തിൽ സി.ഐ.ഡി അന്വേഷണത്തിന് ഒഡിഷ ഡി.ജി.പി സുനിൽ കുമാർ ബൻസാൽ ഉത്തരവിട്ടു.