ചിറമ്മലച്ചൻ: അവയവദാനത്തിൻ്റെ അംബാസഡർ

Thursday 29 December 2022 12:44 AM IST
രാജൻ തോമസ്

  • അച്ചൻ്റെ 63-ാം പിറന്നാളാഘോഷം 30ന് കൊരട്ടിയിൽ

തൃശൂർ: ജീവകാരുണ്യത്തിൻ്റെ ആൾരൂപമായ ഫാ. ഡേവിസ് ചിറമ്മലിനെ യു.എ.ഇ, കുവെെറ്റ് സർക്കാരുകൾ അവയവദാനത്തിൻ്റെ അംബാസഡറായി നിയമിച്ചു. ജനുവരിയിൽ കുവെെറ്റിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം മൂന്ന് മാസത്തെ പ്രചാരണത്തിന് ശേഷം യു.എ.ഇയിലേക്ക് പോകും.

ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 30ന് രാവിലെ 10.30ന് കൊരട്ടി ക്വീൻ മേരി ഓഡിറ്റോറിയത്തിൽ ചിറമ്മലച്ചൻ്റെ അറുപത്തിമൂന്നാം പിറന്നാളിനോടനുബന്ധിച്ച് സേവനമേഖല വിപുലപ്പെടുത്തും. കൊവിഡ്, പ്രയളയകാലത്ത് ജീവകാരുണ്യത്തിന് 11 കോടി ചെലവിട്ടു. ഒരു ദിവസം വിശക്കുന്ന പത്തു പേർക്ക് ഇടത്തരം ഹോട്ടലുകളിൽ സൗജന്യമായി ഭക്ഷണം നൽകുന്ന ഹംഗർ ഹണ്ട് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. നാട്ടുചന്ത, ക്ളോത്ത് ബാങ്ക്, വീടില്ലാത്തവർക്ക് വീട്, ഫുഡ് ഷെൽഫ്, സൗജന്യ കമ്പ്യൂട്ടർ പരിശീലനം, സൗജന്യ ഡയാലിസിസ് തുടങ്ങിയവ മറ്റു ചില പദ്ധതികളാണ്.

ജന്മദിനച്ചടങ്ങിൽ പ്രഖ്യാപിക്കുന്നവ

(ബ്രായ്ക്കറ്റിൽ തുക. എല്ലാം 63 പേർക്ക് വീതം)

  • സൗജന്യ ഭവനനിർമ്മാണം (6,00000)
  • അഗതി മന്ദിരങ്ങൾക്ക് ഫ്രീസറുകൾ (37,000)
  • ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ (17,000)
  • ഡയാലിസിസ് കിറ്റ് (1,000)
  • മരുന്ന് (10,000)
  • ദരിദ്രർക്ക് പലചരക്ക് കിറ്റ് (4,500)

  • അച്ചനെക്കുറിച്ച് പുസ്തകം

പിറന്നാൾച്ചടങ്ങിൽ ഡോ.വി.വി. റോസിൻ്റെ 'ഫാ. ഡേവിസ് ചിറമ്മൽസ് ഗ്യാലക്സി ഒഫ് എക്സ്പീരിയൻസ് എന്ന ഗ്രന്ഥം ജസ്റ്റിസ് കെ.കെ. നാരായണക്കുറുപ്പ് പ്രകാശനം ചെയ്യും. ഡോ. റോസിനെ ജസ്റ്റിസ് കുര്യൻ ജോസഫ് ആദരിച്ച്, 'കാരുണ്യസ്പർശം 2022' ഉദ്ഘാടനം ചെയ്യും. അദിലാബാദ് രൂപതാമെത്രാൻ റവ.ഡോ. പ്രിൻസ് ആന്റണി, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ സനീഷ്കുമാർ ജോസഫ്, റോജി ജോൺ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കൊരട്ടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി എന്നിവർ പ്രസംഗിക്കും.

ജന്മദിനത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങൾക്ക് നാലേകാൽ കോടി ചെലവിടും. അച്ചൻ്റെ ജീവിതം പൂർണമായും മറ്റുള്ളവർക്ക് വേണ്ടിയായത് മഹനീയമാണ്.

രാജൻ തോമസ് (ചെയർമാൻ),

സി.വി. ജോസ് (മാനേജിംഗ് ട്രസ്റ്റി) ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റ്