മസ്ക് യു.എസ് പ്രസിഡന്റാകുമെന്ന് പ്രവചനം !

Thursday 29 December 2022 5:05 AM IST

മോസ്കോ : ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റർ ഉടമയുമായ ശതകോടീശ്വരൻ ഇലോൺ മസ്ക് യു.എസ് പ്രസിഡന്റാകുമെന്ന പ്രവചനവുമായി റഷ്യയുടെ മുൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ്. നിലവിൽ റഷ്യൻ സെക്യൂരി​റ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായി ആയ മെഡ്‌വഡേവ്.

2023 പിറക്കുന്നതിന് മുന്നോടിയായി ലോകത്ത് പലരും പ്രവചനങ്ങൾ നടത്തുകയും പഴയ പ്രവചനങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് മെഡ്‌വഡേവിന്റെ പ്രവചനം. ട്വിറ്ററിലൂടെയാണ് പുതുവർഷ ആശംസകൾക്കൊപ്പം മെഡ്‌വഡേവ് തന്റെ പ്രവചനങ്ങൾ നടത്തിയത്. ' ഐതിഹാസികം " എന്നാണ് മെഡ്‌വഡേവിന്റെ പോസ്റ്റിനെ ഇലോൺ മസ്ക് തമാശ രൂപേണ വിശേഷിപ്പിച്ചത്.

 ഡിമിട്രി മെഡ്‌വഡേവിന്റെ മറ്റ് പ്രവചനങ്ങൾ

 2023ൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരും. എന്നാൽ വൈകാതെ യൂറോപ്യൻ യൂണിയൻ തകരും. യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ ഉപയോഗത്തിലില്ലാതാകും

 പോളണ്ടും ഹംഗറിയും യുക്രെയിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ കൈവശപ്പെടുത്തും

 ഫ്രാൻസും ജർമ്മനിയും തമ്മിൽ യുദ്ധമുണ്ടാകും. യൂറോപ്പ് രണ്ട് ചേരികളിലാകും. പോളണ്ട് വിഭജിക്കപ്പെടും

 നോർത്തേൺ അയർലൻഡ് യു.കെയിൽ നിന്ന് വേർപ്പെട്ട് റിപ്പബ്ലിക് ഒഫ് അയർലൻഡിന്റെ ഭാഗമാകും

 യു.എസിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടും. ടെക്സസ് സ്വതന്ത്ര രാജ്യമാകും. ടെക്സസും മെക്സിക്കോയും സഖ്യരാജ്യങ്ങളാകും

 എല്ലാ സ്റ്റോക്ക് മാർക്കറ്റുകളും ഭീമൻ സാമ്പത്തിക പദ്ധതികളും യു.എസും യൂറോപ്പും വിട്ട് ഏഷ്യയിലെത്തും

 ഐ.എം.എഫും ലോകബാങ്കും തകരും

 യൂറോയും ഡോളറും ആഗോള കരുതൽ കറൻസികളായി പ്രചരിക്കുന്നത് അവസാനിക്കും. ഡിജിറ്റൽ ഫീയാറ്റ് കറൻസികൾ ആധിപത്യം സ്ഥാപിക്കും