വലിയതുറ കടൽപ്പാലം ടൂറിസം സ്പോട്ടാകും

Thursday 29 December 2022 2:37 AM IST

തിരുവനന്തപുരം: ടൗക്‌തേ ചുഴലിക്കാറ്റിൽ തകർന്ന ആറ് പതിറ്റാണ്ട് ചരിത്രമുള്ള വലിയതുറ കടൽപ്പാലത്തെ നവീകരിച്ച് ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള നടപടികളുമായി കേരള മാരിടൈം ബോർഡ്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഐ.ഐ.ടിയിൽ നിന്നുള്ള സംഘം പാലം സന്ദർശിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഏത് തരത്തിൽ വേണമെന്നതു സംബന്ധിച്ചാണ് സംഘം പഠിച്ചത്. പാലത്തിന്റെ ശക്തി,​ നവീകരണത്തിന്റെ സാദ്ധ്യതകൾ, ​പൊതുജനത്തിന്റെ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലാവും സംഘം റിപ്പോർട്ട് നൽകുക. പാലത്തിന് ബലക്ഷയമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ സംഘത്തിന് ബോദ്ധ്യപ്പെട്ടു.ഏത് നിലയിൽ പുതുക്കിപ്പണിയണം എന്നതടക്കമുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് 45 ദിവസ​ത്തിനകം സംഘം മാരിടൈം ബോർഡിന് കൈമാറും.

1956ൽ നിർമ്മിച്ച പാലത്തിന് 214 മീറ്റർ നീളമാണുള്ളത്

2017ലെ ഓഖിയിലും 2007ലെ ടൗക്‌തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാട് സംഭവിച്ചു

പാലം വിള്ളൽ വീണ് കടലിലേക്ക് താഴ്ന്നുനിൽക്കുന്നു

പാലത്തിന് അടിഭാഗത്തുനിന്ന് ബലം നൽകിയിരുന്ന തൂണുകൾ കടലിലേക്ക് കൂടുതൽ കൂടുതൽ താഴ്ന്നുകൊണ്ടിരിക്കുന്നു

സുനാമിയെയും ഓഖി ചുഴലിക്കാറ്റിനെയും പ്രതിരോധിച്ച പാലം പിന്നീടുണ്ടായ കടലേറ്റത്തിൽ കരയുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ചരിത്രം

വലിയതുറയിൽ ആദ്യമുണ്ടായിരുന്ന ഇരുമ്പുപാലം 1947കപ്പൽ ഇടിച്ച് തകർന്നതിനെത്തുടർന്നാണ് ഇന്നത്തെ പാലം നിർമ്മിച്ചത്. 1947 നവംബർ 23ന് വലിയതുറയിൽ ചരക്കുകപ്പൽ അടുക്കുമെന്ന വിവരത്തെ തുടർന്ന് കപ്പലിനെ സ്വീകരിക്കാൻ നാട്ടുകാരും തുറമുഖ തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിന് പേർ എത്തിയിരുന്നു. കടൽപ്പാലം ലക്ഷ്യമാക്കി വന്ന എസ്.എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ ശക്തമായ തിരമാലകളിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പാലത്തിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ പാലം രണ്ടായി മുറിഞ്ഞു. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർ കടലിൽ വീഴുകയും അഞ്ച് പേർ മരിക്കുകയും ചെയ്തു.ഇരുമ്പുപാലം തകർന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്തംഭിക്കുകയും കച്ചവടം കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട്, 1956 ഒക്ടോബറിൽ 1.10 കോടി രൂപ ചെലവിട്ടാണ് 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിർമ്മിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇംഗ്ലണ്ടിലെ ബ്രൈട്ടൺ വെസ്റ്റ് പാലം സർക്കാർ പുതുക്കിപ്പണിത് വരുമാനത്തിനുള്ള വഴി കണ്ടെത്തിയിരുന്നു. 1975ൽ ഉണ്ടായ രണ്ട് തീപിടിത്തങ്ങളും തുടർച്ചയായ മഞ്ഞുവീഴ്ചയും കാരണം ബ്രൈട്ടൺ പാലത്തിന് കേടുപാടുകൾ പറ്റിയിരുന്നു. അപകടാവസ്ഥയിലായ പാലം താത്കാലികമായി അടച്ചു. പിന്നീട്, തകർന്നുകിടന്ന ഒരു കടൽപ്പാലം മാത്രമായിരുന്നു ബ്രൈട്ടൺ വെസ്റ്റ്. 1986ൽ പഴയ പാലത്തിന്റെ സൗന്ദര്യം ഒട്ടും ചോരാതെ അതിനെ ബലപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനായി ടൂറിസ്റ്റ് സെന്ററും തുറന്നു.

Advertisement
Advertisement