'പത്താൻ' വിവാദത്തിൽ പുതിയ വഴിത്തിരിവ്; സീനുകളിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്

Thursday 29 December 2022 2:58 PM IST

ഷാരൂഖ് ഖാൻ - ദീപിക പദുക്കോൺ ചിത്രം 'പത്താനിലെ' ഗാനങ്ങളിൽ അടക്കം ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. മാറ്റങ്ങൾ വരുത്തിയ ശേഷം പുതിയ പതിപ്പ് സമർപ്പിക്കാൻ സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിർമ്മാതാക്കളായ യഷ്‌ രാജ് ഫിലിംസിനോട് നിർദേശിച്ചതായി ചെയർമാൻ പ്രസൂൺ ജോഷി അറിയിച്ചു.

കലാകാരന്മാരുടെ സർഗാത്മകമായ ആവിഷ്‌കാരവും പ്രേക്ഷകരുടെ ചിന്തയും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥയാണ് വേണ്ടത്. അത് ഉറപ്പുവരുത്താൻ സിബിഎഫ്സി എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഇത് കൃത്യമായി പിന്തുടരുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ സംസ്കാരവും വിശ്വാസവും അതുപോലെ സംരക്ഷിക്കപ്പെടണമെന്നും സംഘടന ആഗ്രഹിക്കുന്നു.'- പ്രസൂൺ ജോഷി പറഞ്ഞു.

അടുത്തിടെയാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഗാനരംഗത്ത് കാവിനിറത്തിലുള്ള വസ്ത്രമായിരുന്നു ദീപിക ധരിച്ചത്, ഇതും നടി അൽപവസ്ത്രധാരിയായി എത്തിയതുമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനുപിന്നാലെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

സിദ്ധാർത്ഥ ആനന്ദ് ആണ് സിനിമയുടെ സംവിധായകൻ. ജോൺ എബ്രഹാം, ഡിപിൾ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് പത്താൻ. ജനുവരി 25നാണ് സിനിമ തീയേറ്ററിലെത്തുന്നത്.