മുകേഷിന്റെയും നിതയുടെയും അടുത്ത മരുമകളാകാൻ രാധിക; ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Thursday 29 December 2022 3:33 PM IST

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. എൻകോർ ഹെൽത്ത് കെയർ ബിസിനസ് ഗ്രൂപ്പ് ഉടമ വീരൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റാണ് വധു. രാജസ്ഥാനിൽവച്ച് ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു.

രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്ലാസിക്കൽ ഡാൻസറായ രാധിക, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദമെടുത്തത്. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക.

ഭർത്താവിനും ഇരട്ടക്കുട്ടികൾക്കുമൊപ്പം ആനന്ദിന്റെ സഹോദരി ഇഷ അംബാനി കഴിഞ്ഞ ദിവസം മുംബയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആനന്ദിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവരുന്നത്.