ഓപ്പറേഷൻ ഹോളിഡേ ടൂറി​സ്റ്റ് കേന്ദ്രങ്ങളിലേക്ക്.

Friday 30 December 2022 12:41 AM IST

കോട്ടയം . അവധിക്കാല ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന ടൂറി​സ്റ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു. പരിശോധന നാളെ അവസാനിക്കും. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യവിപണി സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ 20 നാണ് പരിശോധന ആരംഭിച്ചത്. ഇതുവരെ 272 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 44 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 12 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചു. 23 ​സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു.

ജില്ലയിൽ ഡി ടി പി സിയുടെ കീഴിലുള്ള ടൂറി​സ്റ്റ് കേന്ദ്രങ്ങളിൽ ഇന്നലെയാണ് പരിശോധന ആരംഭിച്ചത്. കുമരകം, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ കേന്ദ്രങ്ങളിലെ കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു. കൂടാതെ കൃത്യമായ ലേബലില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. തൂക്കം, വില, പാക്കിംഗ് തീയതി, ഉപയോ​ഗിക്കാവുന്ന കാലാവധി, അടങ്ങിയിരിക്കുന്ന ഘടകങ്ങൾ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, വെജ് / നേൺ വെജ് അടയാളം തുടങ്ങിയ വിവരങ്ങൾ ലേബലിൽ ഉണ്ടായിരിക്കണം.

Advertisement
Advertisement