നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി, 5 പേർക്ക് പരിക്ക്.

Friday 30 December 2022 12:41 AM IST

മുണ്ടക്കയം ഈസ്റ്റ് . കൊട്ടാരക്കര - ദിണ്ടിക്കൽ ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു. പത്തനംതിട്ട പ്രാക്കാനം സ്വദേശികളായ റോസമ്മ അലക്സ് (69), ജയ്ദീൻ അലക്സ് (9), പി റ്റി അലക്സ് (69), ഇ ഐ തോമസ് (45), റെയ്നി അലക്സ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കാർ കൊടുകുത്തി പുതുപ്പറമ്പിൽ പി കെ പുഷ്പയുടെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന പുഷ്പ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട് ഭാഗികമായി തകർന്നു. രണ്ടാഴ്ച മുമ്പാണ് വീടിന്റെ നവീകരണം നടത്തിയത്. മുൻപും നിരവധി തവണ വീട്ടിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ശബരിമല സീസൺ ആരംഭിച്ചതിന് ശേഷം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement