ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും ആക്രമണത്തിന് അയവ് വരുത്താതെ റഷ്യ; 54 മിസൈലുകൾ വെടിവെച്ചിട്ടതായി യുക്രെയിൻ സൈന്യം

Thursday 29 December 2022 7:24 PM IST

കീവ്: ക്രിസ്മസ് പുതുവത്സര ആഘോഷത്തിനിടയിലും യുക്രെയിനെതിരായ ആക്രമണത്തിൽ അയവ് വരുത്താതെ റഷ്യ. വ്യാഴാഴ്ച പുലർച്ചെയുണ്ടായ കനത്ത ആക്രമണത്തിൽ തലസ്ഥാന നഗരി ലക്ഷ്യം വെച്ച് വർഷിച്ച 69 റഷ്യൻ മിസൈലുകളിൽ 54 എണ്ണം വിജയകരമായി വെടിവെച്ചിട്ടതായി യുക്രെയിൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. 54 മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായാണ് പ്രസ്താവന. കഴിഞ്ഞ ദിവസങ്ങളിൽ 120-ഓളം മിസൈലുകൾ റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചതായി യുക്രെയിൻ അറിയിച്ചിരുന്നു.

അതേ സമയം ക്രിസ്മസ് കാലത്ത് യുദ്ധത്തിന് മയം വരുത്തണമെന്ന യുക്രെയിനിന്റെ സമവായ നീക്കം റഷ്യൻ പ്രസിഡന്റ് തള്ളിയിരുന്നു. ക്രിസ്മസ് കാലയളവിലെ അതി ശൈത്യത്തിലേയ്ക്ക് യുക്രെയിൻ കടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ റഷ്യ കീവിൽ അടക്കം ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം ശക്തമാക്കിയിരുന്നു. യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങളെയും വിതരണ ശൃംഖലയുമായിരുന്നു റഷ്യ പ്രധാനമായും ഇത്തരം ആക്രമണങ്ങളിലൂടെ ലക്ഷ്യം വെച്ചത്. ഇതിന്റെ കനത്ത പ്രത്യാഘാതങ്ങൾ ശൈത്യകാലത്ത് യുക്രെയിൻ ജനതയെ അലട്ടുന്നതായാണ് വിവരം.

തങ്ങളുടെ ഭാഗത്ത് നിന്നുള്ള ആൾ നാശമൊഴിവാക്കിയുള്ള ഷഹീൻ ഡ്രോണുകൾ ഉപയോഗിച്ചുള്ല ആക്രമണത്തിനൊപ്പമാണ് കനത്ത മിസൈൽ വർഷവും റഷ്യ തുടരുന്നത്. റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രെയിന് പേട്രീയറ്റ് എയർ ഡിഫൻസ് സിസ്റ്റം നൽകുമെന്ന് യു.എസ് അറിയിച്ചിരുന്നു.