സി.ബി.എസ്.ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതൽ

Friday 30 December 2022 4:22 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2023 ഫെബ്രുവരി 15 മുതൽ മാർച്ച് 21വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5വരെയുമാണ്. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ നടത്തും.

മിക്ക പേപ്പറുകൾക്കും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാസമയം. രണ്ട് മണിക്കൂറിനുള്ളിൽ എഴുതേണ്ട ചില വിഷയങ്ങളുടെ പരീക്ഷ 12.30ന് കഴിയും. രണ്ട് വിഷയങ്ങളുടെ പരീക്ഷ ഒരേ തീയതിയിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ 40,000 കോമ്പിനേഷനുകൾ ഒഴിവാക്കിയെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ചോദ്യങ്ങൾ വായിക്കാൻ 15 മിനിട്ട് നൽകും. രണ്ട് വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് സമയമുണ്ടാകും. 12-ാം ക്ലാസ് പരീക്ഷാത്തിയതി ജെ.ഇ.ഇ മെയിൻ ഉൾപ്പെടെ മത്സര പരീക്ഷകൾ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചത്.