പ്രകാശപൂരിതം ശിവഗിരി തീർത്ഥാടനം

Friday 30 December 2022 12:00 AM IST

ഗുരുദേവ ദർശനവും ശിവഗിരി തീർത്ഥാടനവും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ ശിവഗിരി തീർത്ഥാടനത്തിന്റെ മതേതര കാഴ്ചപ്പാട് അറിയാനാകും. ശിവഗിരി തീർത്ഥാടനത്തിൽ ഗുരുദേവദർശനത്തിന്റെ അപൂർവതകൾ തെളിഞ്ഞുപ്രകാശിക്കുന്നുണ്ട്.

അരുവിപ്പുറം പ്രതിഷ്ഠയെ ചോദ്യം ചെയ്തവർക്ക് ഗുരുദേവൻ നൽകിയ പ്രത്യുത്തരത്തിൽ മതാതീത ആത്മീയപ്രകാശം നിറഞ്ഞുനിൽക്കുന്നുണ്ട്. നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് നർമ്മ മധുരമായി ഗുരുദേവൻ വ്യക്തമാക്കിയിരുന്നു. ഗുരുദേവന്റെ ഉത്തരത്തിൽ പുതിയൊരു ദാർശനികപ്രപഞ്ചമാണ് പ്രതിഫലിക്കുന്നത്. ഹിന്ദുമതത്തിലെ സങ്കുചിത ദൈവസങ്കല്പങ്ങളേയും ജാതിചിന്തയേയും ഗുരുദേവൻ സ്വീകരിച്ചിരുന്നില്ല. ജാതിയുടേയും മതത്തിന്റേയും തടവറകളിൽനിന്ന് ദൈവത്തെ സ്വതന്ത്ര‌മാക്കുക എന്ന ദാർശനിക ദൗത്യമാണ് ഗുരുദേവൻ ഏറ്റെടുത്തിരുന്നത്. ഇത് അർത്ഥപൂർണമായ ദാർശനിക വിപ്ളവത്തിന്റെ തുടക്കം കൂടിയായിരുന്നു.

ദാർശനികതയ്ക്കു പുതിയ ചിന്താപഥം നൽകിയ ഗുരുദേവന്റെ സ്വതന്ത്ര ആത്മീയതയുടെ വിളംബരമാണ് അരുവിപ്പുറം സന്ദേശം. അരുവിപ്പുറം പ്രതിഷ്ഠയുടേയും സന്ദേശത്തിന്റേയും വെളിച്ചത്തിലൂടെ ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെ ദർശിച്ചാൽ ഗുരുദേവ സംബന്ധികളായ ആരാധനാലയങ്ങൾ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന വാദത്തിന് നിലനിൽക്കാനാകില്ല. ശ്രീനാരായണഗുരുവിന്റെ തത്വദർശനത്തിന്റെ പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയുമായി താരതമ്യപ്പെടുത്തി പഠനം നടത്തി മതാതീത ആത്മീയത കണ്ടെത്തി പ്രചരിപ്പിച്ചത് സ്വാമി ശാശ്വതികാനന്ദയാണ്.

ഗുരുദേവൻ പ്രതിനിധാനം ചെയ്യുന്നത് ജാതിഭേദവും മതദ്വേഷവുമില്ലാത്ത സ്വതന്ത്ര ആത്മീയതയാണ്. സ്വാമി ശാശ്വതികാനന്ദ സന്യാസദീക്ഷ നൽകിയ, സ്വാമിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യപരമ്പരയിലെ സന്യാസിവര്യൻ ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ ശിവഗിരി ധർമ്മസംഘത്തിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരിക്കുകയാണ്. സ്വാമി ശുഭാംഗാനന്ദ സത്യപ്രതിജ്ഞ ചെയ്ത് അധികാരമെടുത്ത ഈ വർഷത്തെ തീർത്ഥാടനം ഗുരുദർശനത്തിൽ പ്രകാശിക്കുന്ന മതേതര സങ്കല്പം ആഴത്തിൽ ഉറപ്പിക്കാൻ കഴിയുന്നതാകും. ശിവഗിരി തീർത്ഥാടനത്താൽ പ്രകാശിതമാകുന്ന പുതുവർഷം ശാന്തിയും സമാധാനവും നിറയുന്നതാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രാർത്ഥനയോടെ ഗുരുപാദത്തിൽ സമർപ്പണം ചെയ്യുന്നു.

( ലേഖകൻ ശ്രീനാരായണ മാതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറിയാണ് )

Advertisement
Advertisement