മൃഗ കടത്ത്: വാഹന ഉടമകളും ശിക്ഷാർഹർ

Friday 30 December 2022 12:42 AM IST

ന്യൂഡൽഹി: മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം വാഹനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കും വാഹന ഉടമയും പണം നൽകണമെന്ന വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു. ഏജന്റുമാരും ട്രാൻസ്‌പോർട്ടേഴ്സുമടക്കം ബന്ധപ്പെട്ട എല്ലാവരും കെയർ ആൻഡ് മെയിന്റനൻസ് ഒഫ് കേസ് പ്രോപ്പർട്ടി ആനിമൽസ് റൂൾസ് 2017 പ്രകാരം മൃഗങ്ങളുടെ ചികിത്സയ്ക്കും പരിചരണത്തിനും ചെലവ് ചെയ്യണം.

ഹർജിക്കാരൻ വാഹനത്തിന്റെ ഉടമയാണെങ്കിലും ഈ നിയമമനുസരിച്ച് മൃഗങ്ങളുടെ പരിചരണത്തിനായി തുക ചെലവഴിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് നായ്ക് ചൂണ്ടിക്കാട്ടി. മുംബയിലേക്ക് അനധികൃതമായി പോത്തുകളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.

ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള ട്രക്ക് പൊലീസ് തടയുകയും 23 പോത്തുകളെ പിടികൂടി ഗോശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെ ഒരു മൃഗത്തിന് പ്രതിദിനം 200 രൂപ പരിപാലനത്തിനായി ചുമത്തുകയും ചെയ്തു. വിചാരണ കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി അഡിഷണൽ സെഷൻസ് ജഡ്ജി തള്ളിയിരുന്നു.

ഹർജിക്കാരൻ വാഹന ഉടമ മാത്രമാണെന്നും മൃഗങ്ങളെ വാങ്ങുന്നതിലും കൈമാറുന്നതിലും ഉൾപെട്ടിരുന്നില്ലെന്നും വാദിച്ചെങ്കിലും കോടതി ഹർജി തള്ളി.