ഖത്തറിൽ തടവിലുള്ള നാവിക സംഘത്തെ സന്ദർശിച്ചു
Friday 30 December 2022 12:45 AM IST
ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഇവരെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്‌ചി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ അവരുടെ ആരോഗ്യസ്ഥിതി ചോദിച്ച് മനസ്സിലാക്കി. അവർക്ക് ദോഹയിലുള്ള കുടുംബാംഗങ്ങളെ ആഴ്ച തോറും കാണാൻ സാധിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള മറ്റ് കുടുംബാംഗങ്ങളുമായി കാണാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണയാണ് ഇന്ത്യൻ സംഘം ഇവരെ സന്ദർശിക്കുന്നത്.
നാല് മാസം മുമ്പ് ഖത്തർ അധികൃതരുടെ പിടിയിലായ സംഘം ഖത്തർ സൈന്യത്തിന് പരിശീലനവും മറ്റ് സഹായങ്ങളും നൽകുന്ന ദഹ്ര ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസ് എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇവരുടെ പേരിൽ ചുമത്തിയ കുറ്റമെന്താണെന്ന് ഖത്തർ വ്യക്തമാക്കിയിട്ടില്ല.