നഴ്സിംഗ് വിദ്യാർത്ഥികൾക്ക് എൻ.ഒ.സി നൽകാത്തത് വിവാദത്തിലേക്ക്

Friday 30 December 2022 12:46 AM IST
എൻ.ഒ.സി കിട്ടാത്തത് മൂലം നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകൾ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് നൽകാത്തത് വിവാദമാകുന്നു. നിലവിൽ പഠിക്കുന്നവർക്ക് എൻ.ഒ.സി ലഭിക്കാത്തതിനാൽ എൽ.ബി.എസ് സെന്ററിന്റെ അവസാന അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷന് അപേക്ഷിക്കാനായില്ല. ചിലർ പഴയ എൻ.ഒ.സി അപ് ലോഡ് ചെയ്‌തെങ്കിലും സ്വീകരിക്കാനിടയില്ല. പുതിയത് വേണമെന്നാണ് എൽ.ബി.എസ് നിബന്ധന.

എൻ.ഒ.സി ലഭിക്കാത്തതിനെതിരെ രക്ഷിതാക്കൾ മന്ത്രിമാർക്കും പ്രവേശന കൗൺസിലിനും ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷനും (ഡി.എം.ഇ) പരാതി നൽകിയിട്ടുണ്ട്. മാനേജ്‌മെന്റുകളുടെ പിടിവാശി മൂലം നിസാര പോയിന്റിന് ഗവ. കോളേജുകളിൽ സീറ്റ് ലഭിക്കാത്ത സംസ്ഥാനത്തെ നിരവധി വിദ്യാർത്ഥികൾക്കാണ് അവസരം നഷ്ടമായത്. കോളേജിൽ ശരാശരി 15 സീറ്റ് വർദ്ധിപ്പിച്ചതിന്റെ ഗുണം ലഭിക്കാതായി. സ്വാശ്രയ കോളേജുകളിൽ മെരിറ്റിൽ സീറ്റ് ലഭിച്ചവർക്ക് വർഷത്തിൽ 83,000 രൂപയോളമാണ് ഫീസ്. സർക്കാർ കോളേജിൽ 25,000.

അലോട്ട്‌മെന്റ് അവസാനിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പ്രവേശന നടപടി പൂർത്തിയാക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ലിസ്റ്റിലുള്ളവർ പലരും ഇതര സംസ്ഥാനങ്ങളിലെ കോളേജുകളിൽ ചേർന്നതായും അവർ പറയുന്നു. ഇനി വിദ്യാർത്ഥികളെ കിട്ടാൻ സാദ്ധ്യത കുറവായതാണ് എൻ.ഒ.സി തരാത്തതിന് പിന്നിലെന്ന് രക്ഷിതാക്കൾ പറയുന്നു.

പരസ്പരം പഴിചാരൽ

ക്രിസ്മസ് അവധി കാരണമാണ് എൻ.ഒ.സി തരാൻ തടസമെന്ന് ചില മാനേജ്‌മെന്റുകൾ പറയുന്നു. 21 മുതൽ 27 വരെയുള്ള അവധിക്കാലത്തും എൻ.ഒ.സി നൽകാൻ എൽ.ബി.എസ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല. നോട്ടിഫിക്കേഷൻ വന്നത് 22നാണ്. അവസാന തീയതി ആദ്യം നിശ്ചയിച്ചിരുന്നത് ക്രിസ്മസ് ദിനത്തിലായിരുന്നു. പിന്നീട് 26ലേക്ക് മാറ്റിയെങ്കിലും അവധി തീർന്നിരുന്നില്ല. അതേസമയം എൻ.ഒ.സി ഓൺലൈനായി നൽകിയാൽ മതിയെന്നും നൽകാതിരിക്കുന്നത് ശരിയല്ലെന്നും എൽ.ബി.എസ് അധികൃതർ പറയുന്നു.