ജയകുമാർ കമ്മിഷൻ റിപ്പോർട്ടിന് പുല്ലുവില: കാര്യക്ഷമമാകാതെ കാർഷിക സർവകലാശാല

Friday 30 December 2022 12:54 AM IST

തൃശൂർ: സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളുമായി, കാർഷിക സർവകലാശാലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ, ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ കമ്മിഷൻ സമർപ്പിച്ച ശുപാർശയ്ക്ക് പത്ത് വയസ്. ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന പ്രധാന നിർദ്ദേശം, ധാരാളം ഭൂമിയും ശാസ്ത്രജ്ഞരുമുണ്ടായിട്ടും നടപ്പായില്ല. വരുമാനം ഇപ്പോഴും കുറവും ചെലവ് കൂടുതലുമാണ്. തനത് ഫണ്ടുമില്ല.

ഫാം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജോലിയെക്കുറിച്ച് പഠിച്ച് അവരെ പുനഃക്രമീകരിച്ച് ഫലവത്തായി ഉപയോഗിക്കണമെന്നും അതിനുശേഷം ആവശ്യമെങ്കിലേ പുതിയ നിയമനം നടത്താവൂ എന്നുമായിരുന്നു ശുപാർശ. ജീവനക്കാരുടെ വിന്യാസം യുക്തിസഹമല്ലെന്നും കണ്ടെത്തി. എന്നിട്ടും ഒരാളുടെ ഓഫീസ് ജോലി പത്താളുകൾക്ക് വീതിക്കുന്ന സ്ഥിതി തുടരുന്നതായി സർവകലാശാലാ വൃത്തങ്ങൾ പറയുന്നു. മൂന്നോ നാലോ ജീവനക്കാരുടെ ശമ്പളക്കാര്യത്തിന് മാത്രം ഒരാളെന്നതാണ് സ്ഥിതി.

റിസർച്ച് ഡയറക്ടർമാരുടെ ചുമതകളിലും പുനഃക്രമീകരണം ആവശ്യമാണ്. ശാസ്ത്രജ്ഞരുടെ ഗവേഷണ മേൽനോട്ടം ഫലപ്രദമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇ ഫയലിംഗ് തുടങ്ങാത്തതിനാൽ ഫയൽ നീക്കവും തടസപ്പെടുന്നു. സർക്കാരിന്റെ സോഫ്ട് വെയർ ലഭിച്ചിട്ടില്ല. സ്വന്തമായി വികസിപ്പിക്കാൻ പണവുമില്ലെന്നാണ് വിവരം.


വീഴ്ചകൾ നിരവധി

ഗവേഷണവും വിജ്ഞാന വ്യാപനവുമാണ് സർവകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും തുക വകമാറ്റി ചെലവാക്കുന്നത് മൂലം ഗവേഷണ പദ്ധതികൾ മുടന്തുകയാണ്. വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളിലേക്ക് കാർഷിക സർവകലാശാലയിലെ കുറച്ച് ജീവനക്കാരെ മാറ്റിയെങ്കിലും ആ തസ്തികകൾ ഒഴിവാക്കാതെ വീണ്ടും നിയമനം നടന്നത്തിയത് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകർ കുറവാണ്. മികവുള്ള ഈ സ്‌കൂളിനെ സർക്കാർ ഏറ്റെടുക്കണമെന്ന ശുപാർശയും ജലരേഖയായി.
2011ലെ അക്കൗണ്ട് ജനറലിന്റെ (എ.ജി) പെർഫോർമൻസ് ഓഡിറ്റിലെ പ്രധാന വിവരം ഉൾപ്പെടുത്തിയാണ് ജയകുമാർ കമ്മിഷൻ റിപ്പോർട്ട് നൽകിയത്. ഐ.സി.എ.ആർ പദ്ധതികൾ മൂല്യനിർണയം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്നും സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതികൾ ലക്ഷ്യം കൈവരിച്ചില്ലെന്നും എ.ജി കണ്ടെത്തിയിരുന്നു.


വി.സിക്കാര്യത്തിൽ അനിശ്ചിതത്വം

ഡോ. കെ.ആര്യ വി.സിയുടെ ചുമതല ഒഴിഞ്ഞതോടെ, സാങ്കേതികമായി കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിക്കാണ് ചുമതല. ഹൈക്കോടതിയെ അറിയിച്ചതിന് വിരുദ്ധമായി ഇഷിത ചുമതലയേൽക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് കേസ് കൊടുത്ത സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പറയുന്നു. ഇതിനെതിരെ അവർ നിയമനടപടി സ്വീകരിച്ചേക്കും.

Advertisement
Advertisement