ഈ ദ്വീപിൽ പ്രവേശിച്ചാൽ...!

Friday 30 December 2022 5:15 AM IST

ലണ്ടൻ : ദ്വീപുകൾ എന്ന് കേൾക്കുമ്പോൾ സാധാരണ മനോഹരമായ കടൽത്തീരങ്ങളാകും നമ്മുടെ മനസിലേക്ക് കടന്നുവരിക. എന്നാൽ, അപകടം പതിയിരിക്കുന്ന ദ്വീപുകളും ലോകത്തുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപിനെ പറ്റി കേട്ടിട്ടില്ലേ. 60,000 വർഷത്തിലേറെയായി ഇവിടെ ജീവിക്കുന്നത് പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ്.

ഇവരെ പറ്റി പരിമിതമായ അറിവ് മാത്രമാണ് ലോകത്തിനുള്ളത്. പുറത്ത് നിന്നെത്തുന്ന ആരെയും ഇവർ ദ്വീപിലേക്ക് കടത്തില്ല. ദ്വീപിലെത്തിയ ചിലർ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട ചരിത്രമുണ്ട്. പുറമേ നിന്നുള്ളവർ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടക്കുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ അപകടങ്ങൾ നിറഞ്ഞ ദ്വീപുകളിൽ ഏറ്റവും മുന്നിലുള്ളതാണ് ഗ്രിൻയാർഡ് ദ്വീപ്.

സ്കോട്ട്‌ലൻഡിന്റെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള ചെറുദ്വീപായ ഗ്രിൻയാർഡ് ' ആന്ത്രാക്സ് ദ്വീപ് " എന്നാണ് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശം. പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ട ജീവികളുടെ മൃതദേഹങ്ങൾ ഇവിടെയാണ് തള്ളിയിരുന്നത്.


മാരകമായ ആന്ത്രാക്സ് ബാക്ടീരിയയെ ഈ ദ്വീപിൽ വച്ച് ജീവികളിൽ പരീക്ഷിച്ചിരുന്നു. ഇതോടെ 1990കൾ വരെ ഏകദേശം 50 വർഷത്തോളം ഗ്രിൻയാർഡ് ബാക്ടീരിയകളാൽ നിറഞ്ഞിരുന്നു. 90കളുടെ അവസാനത്തോടെ ശാസ്ത്രജ്ഞർ ഇവിടം അണുമുക്തമാക്കിയെങ്കിലും ഈ ദ്വീപ് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 എന്താണ് ആന്ത്രാക്സ് ?

മനുഷ്യർ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ ജൈവായുധമാണ് ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന ബാസിലസ് ആന്ത്രാസിസ് ബാക്ടീരിയ. അത്യന്തം വിനാശകാരിയും, വ്യാപനശേഷിയും മരണനിരക്കും കൂടുതലുമുള്ള കാറ്റഗറി എ ഗണത്തിൽപ്പെടുന്ന ജൈവായുധമാണ് ഇത്.

നൂറു വർഷം പഴക്കമുള്ള ഈ ജൈവായുധത്തിന് മണമോ രുചിയോ ഇല്ല. അദൃശ്യമാണ്. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ ആന്ത്രാക്സ് ജൈവായുധം പ്രയോഗിച്ചെന്ന് പറയപ്പെടുന്നുണ്ട്.

2001ൽ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് ബാക്ടീരിയ അടങ്ങിയ കത്തുകൾ യു.എസ് പോസ്റ്റൽ സർവീസിന് ലഭിച്ചിരുന്നു. 22 പേർക്ക് രോഗ ബാധ ഉണ്ടാവുകയും അതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു.

Advertisement
Advertisement