തായ് വിമാനത്തിൽ ഇന്ത്യക്കാരുടെ തമ്മിലടി

Friday 30 December 2022 5:15 AM IST

ബാങ്കോക്ക് : തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈൽ എയർവേസ് വിമാനത്തിനുള്ളിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്നേയായിരുന്നു സംഭവം. വിമാനത്തിലെ രണ്ട് യാത്രക്കാർ തമ്മിൽ ആദ്യം ആരംഭിച്ച വാക്കേറ്റം പരസ്പരം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇതിൽ ഒരാൾ മറ്റേയാളെ ഇടിക്കുന്നതും മുഖത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം.

വിമാനജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. സംഘർഷം പരിഹരിച്ച ശേഷമാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്. സംഘർഷത്തിൽ ഉൾപ്പെട്ട ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ആരും മദ്യപിച്ചിരുന്നില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

വിമാനത്തിനുള്ളിൽ കൈയ്യാങ്കളി നടത്തിയവരെ നോഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. അതേസമയം, സംഭവത്തിൽ ഇന്ത്യയിലെ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ അതോറിറ്റി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയുണ്ടാകും.

 സംഘർഷത്തിലേക്ക് നയിച്ചത്....

മർദ്ദനമേറ്റയാൾ ക്യാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതാണ് വാക്കേറ്റത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ടേക്ക് ഓഫിന് മുമ്പായി എല്ലാ യാത്രക്കാരും അവരവരുടെ സീറ്റുകൾ നേരായ സ്ഥാനത്തേക്ക് ക്രമീകരിക്കാൻ വിമാന ജീവനക്കാർ നിർദ്ദേശിച്ചു. എന്നാൽ,​ തനിക്ക് നടുവേദനയാണെന്ന് കാട്ടി ഒരാൾ ഇതിന് വിസമ്മതിച്ചു. സീറ്റിൽ ചാരിക്കിടന്ന ഇയാളോട് ടേക്ക് ഓഫ് സമയത്ത് സീറ്റുകൾ ശരിയായി ക്രമീകരിക്കേണ്ടതിന്റെ ഗൗരവം വിശദീകരിച്ച ജീവനക്കാർ അയാളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചു.

എന്നാൽ ജീവനക്കാരുടെ താഴ്മയായ അഭ്യർത്ഥന ഇയാൾ വകവച്ചില്ല. വേണമെങ്കിൽ ക്യാപ്റ്റനോട് പരാതി പറയാമെന്നും എങ്കിലും താൻ സീറ്റ് ക്രമീകരിക്കില്ലെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു. ഇതോടെ വിമാനത്തിലെ മറ്റ് യാത്രികർ ഇയാൾക്കെതിരെ തിരിഞ്ഞു. ഇതിനിടെ ഒരാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഇയാളുടെ അടുത്തെത്തി വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയുമായിരുന്നു.