കത്ത് വിവാദം ഒത്തുതീർപ്പിലേക്ക്: ഡി.ആർ അനിൽ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ‌്‌ക്കും, മേയറുടെ കാര്യം കോടതിവിധിക്ക് ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷം

Friday 30 December 2022 4:17 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഒത്തുതീർപ്പിലേക്ക്. സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ അനിൽ രാജിവയ‌്ക്കുമെന്ന നിലപാട് കൈക്കൊണ്ടതോടെയാണ് ഒത്തുതീർപ്പിലേക്ക് ബിജെപിയും കോൺഗ്രസും എത്തിയത്. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ചർച്ച നടന്നത്. മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ എഴുതപ്പെട്ട കത്തിന്റെ കാര്യത്തിൽ കോടതി വിധി വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർ വ്യക്തമാക്കി. മന്ത്രി എം.ബി രാജേഷും ഇതേനിലപാട് തന്നെയാണ് സ്വീകരിച്ചത്.

നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സമരങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച വിജയത്തിലെത്തിക്കണമെന്ന് മന്ത്രിതല സമിതിക്ക് സിപിഎം നിർദ്ദേശം നൽകിയിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട ചർച്ചയും രണ്ടാംഘട്ടചർച്ചയും പരാജയപ്പെട്ടിരുന്നു.

കത്തിന്റെ ഉറവിടം കണ്ടെത്താൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും നഗരസഭയിലെ നിയമനങ്ങൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നത് സമയബന്ധിതമായി പരിശോധിക്കുമെന്നും മന്ത്രിമാർ ആദ്യമേ ഉറപ്പുനൽകിയിരുന്നു. എങ്കിലും മേയറുടെ രാജി ആവശ്യത്തിൽ സമവായത്തിലെത്താൻ കഴിയാത്തതാണ് ആദ്യചർച്ച പരാജയപ്പെടാൻ കാരണം. സമരം ഈ രീതിയിൽ തുടർന്നാൽ നഗരസഭയും അതുവഴി സ‌ർക്കാരും കൂടുതൽ പ്രതിരോധത്തിലാകുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ചർച്ച സമവായത്തിലെത്തിക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകിയത്. വിഷയം ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേർന്നിരുന്നു.