ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം പേർക്ക് ഭക്ഷ്യവിഷബാധ
കോട്ടയം . സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ആർപ്പൂക്കര കൂളിച്ചിറമാലിൽ കെ.ആർ.ഷാജി, ഭാര്യ ചന്ദ്രിക, മകളുടെ മക്കളായ ആദിദേവ്, ദേവദർശ് തുടങ്ങിയവരാണ് വ്യാഴാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും പൊറോട്ടയും ചിക്കൻ കറിയും പാഴ്‌സലായി വാങ്ങികഴിച്ചത്. തുടർന്ന്, ഛർദ്ദിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു. കുട്ടികളെ ഐ സി എച്ചിലും പിന്നീട് കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഷാജിയ്ക്കും ചന്ദ്രികയ്ക്കും സമാന ലക്ഷണങ്ങൾ പ്രകടമായതോടെ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് സമാന അവസ്ഥയിൽ 20 തോളം പേർ ചികിത്സയിലാണെന്ന് കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടിയതായി കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.