ന്യൂ ഇയർ മയക്കുമരുന്നു വേട്ട: മേലൂരിൽ 40 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
ചാലക്കുടി: മേലൂര്‍ പഞ്ചായത്തിലെ രണ്ടിടത്ത് കൊരട്ടി പൊലീസ് നടത്തിയ ലഹരി മരുന്നു വേട്ടയില്‍ 40 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒന്നാം നമ്പര്‍ മയക്കുമരുന്ന് ഡീലറുൾപ്പെടെ
മൂന്നുപേര്‍ അറസ്റ്റിലായി. മയക്കുമരുന്നു ഡീലറും കുപ്രസിദ്ധ ഗുണ്ടയുമായ ബോംബെ തലയന്‍ ഷാജി എന്ന ചാക്കാലക്കല്‍ ഷാജി (59), പോട്ട ഉറുമ്പന്‍ കുന്ന് പയ്യപ്പിള്ളി ബോബന്‍ (37), പടിഞ്ഞാറേ ചാലക്കുടി പനഞ്ചിക്കല്‍ നിധിന്‍ (30) എന്നിവരാണ് പിടിയിലായത്.
ബോംബെ തലയന്‍ ഷാജിയുടെ ദേവരാജഗിരിയിലെ വീട്ടിലെ പരിശോധനയിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും
മേലൂര്‍ ജംഗ്ഷന് സമീപം ബൈക്ക് യാത്രികരായ രണ്ടുപേരില്‍ നിന്നും അഞ്ച് ഗ്രാം മാരക ലഹരിമരുന്നുമാണ് പിടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇവയ്ക്ക് രണ്ടു ലക്ഷം രൂപ വില വരും. പുതുവത്സരാഘോഷങ്ങളുടെ മറവില്‍ നടക്കുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പന കണ്ടെത്തുന്നതിന് കൊരട്ടി എസ്.എച്ച്.ഒ ബി.കെ അരുണിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി വ്യാപക പരിശോധന നടക്കുകയാണ്.
എസ്.എച്ച്.ഒ ബി.കെ.അരുണ്‍, എസ്.ഐ സി.എസ്.സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍ സാഫ് ടീമിന്റെ സഹകരണത്തോടെ വീട് വളഞ്ഞായിരുന്നു പരിശോധന. ഈ ദിവസങ്ങളില്‍ വിപണനത്തിന് തയ്യാറാക്കി വച്ചിരുന്നതാണ് സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എ. കഞ്ചാവ് കടത്ത്, ക്വട്ടേഷന്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷാജി. മുംബയ്, ബംഗ്ളൂരു എന്നിവിടങ്ങളില്‍ നിന്നും മൊത്തമായി മയക്കുമരുന്ന് തമിഴ്‌നാട്ടിലെ പഴനിയിലേക്ക് എത്തിക്കുകയാണ് ഇയാളുടെ രീതി. ഇവിടെനിന്നും ആവശ്യാനുസരണം കേരളത്തിൽ കൊണ്ടുവരും. ഉത്സവം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലെ പൊരി കച്ചവടക്കാരും ഐസ്‌ക്രീം വില്പ്പനക്കാരെയും ഇടനിലക്കാരാക്കി വിൽക്കുന്ന രീതിയും ഇയാള്‍ക്കുണ്ട്. പരിശോധനാ നേരത്ത് ഇയാളുടെ വീടിന് സമീപം ഇത്തരം കച്ചവടക്കാര്‍ തമ്പടിച്ചിരുന്നു. കിലോ കണക്കിന് കല്‍ക്കണ്ടവും വീട്ടില്‍ നിന്ന് കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കുന്നതിനാണ് ഇതുചെയ്യുന്നതെന്ന് പറയുന്നു. എസ്.ഐമാരായ ഷാജു എടത്താടന്‍, സജി വര്‍ഗീസ്, സി.പി.ഒ രഞ്ചിത്ത്, പി.കെ.സജീഷ് കുമാര്‍, ജിബിന്‍ വര്‍ഗ്ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.