ഭിന്നശേഷിക്കാർക്കുള്ള ആദ്യ റേഷൻകട സുനീഷിന്.

Sunday 01 January 2023 12:08 AM IST

പൊൻകുന്നം . സിവിൽ സപ്ലൈസ് വകുപ്പിന്റെ 2021ലെ കെ ടി പി ഡി എസ് കൺട്രോൾ ഓർഡർ നിലവിൽ വന്നതിന് ശേഷം ജില്ലയിൽ ആദ്യമായി ഭിന്നശേഷിവ്യക്തിയ്ക്ക് അനുവദിച്ച റേഷൻകടയുടെ ഉടമ ഉരുളികുന്നം ഇല്ലിക്കോൺ കണിച്ചേരിൽ സുനീഷ് ജോസഫ്. കാരക്കുളം പള്ളിക്കവലയിലെ എ ആർ ഡി 128ാം നമ്പർ കടയാണ് അനുവദിച്ചത്. നാളെ പ്രവർത്തനം തുടങ്ങും. മറ്റൊരു ലൈസൻസിയുടെ അനുബന്ധമായി പ്രവർത്തിക്കുകയാണിപ്പോൾ റേഷൻകട. ശാരീരിക അവശതകളേറെയുള്ള സുനീഷ് വൈകല്യങ്ങളെ തോൽപ്പിച്ച് ഭിന്നശേഷിക്കാർക്ക് മാതൃകയായ ആളാണ്. മുൻപ് പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാർക്ക് പ്രചോദനമായി ജില്ലാഭരണകൂടം ഭിന്നശേഷി അംബാസഡറായി പ്രഖ്യാപിച്ചത് സുനീഷിനെയായിരുന്നു. കുരുവിക്കൂട് കവലയിൽ ഇപ്പോൾ കോമൺസർവീസ് സെന്റർ നടത്തിവരികയാണ് സുനീഷ്. കടയുടെ ലൈസൻസി സുനീഷും സെയിൽസ്‌മാൻ ലൈസൻസി ഭാര്യ ജിനിയുമാണ്. അരയ്ക്ക് കീഴ്‌പ്പോട്ട് തളർച്ചയുള്ളതിനാൽ വീൽച്ചെയറിലാണ് സുനീഷ് സഞ്ചരിക്കുന്നത്. കോമൺസർവീസ് സെന്ററിൽ സോഫയിൽ കിടന്നാണ് ജോലി ചെയ്യുന്നത്. റേഷൻകട തുടങ്ങിയാലും കോമൺസർവീസ് സെന്ററിന്റെ പ്രവർത്തനം തുടരാനാണ് സുനീഷിന്റെ തീരുമാനം.