'ആടുതോമ'യ്ക്കു പുതുപുത്തൻ റെയ്ബാൻ സമ്മാനിച്ച് ഭദ്രൻ

Sunday 01 January 2023 6:00 AM IST

ഏഴിമലൈ പൂഞ്ചോല വീണ്ടും ആലപിച്ച് മോഹൻലാൽ

മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ളാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വെള്ള ഷർട്ടിൽ റെയ്ബാൻ ധരിച്ചുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. സ്ഫടികം സിനിമയുടെ ദി റിലീസിംഗുമായി ബന്ധപ്പെട്ടാണ് ഭദ്രനും മോഹൻലാലും ഒത്തുചേർന്നത്. സിനിമയിൽ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് മോഹൻലാൽ വീണ്ടും ആലപിക്കുകയും ചെയ്തു. പാട്ട് റെക്കോർഡ് ചെയ്യാൻ വേണ്ടി മോഹൻലാൽ എത്തിയപ്പോഴാണ് ആടുതോമയ്ക്ക് പുതുപുത്തൻ റെയ്ബാൻ ഗ്ളാസ് സമ്മാനിച്ചത്.സ്ഫടികത്തിന്റെ റീ മാസ്റ്റർ ചെയ്ത പതിപ്പ് ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തും. ഒരുകോടി രൂപ ചെലവഴിച്ചാണ് 4 കെ പതിപ്പ് ഒരുങ്ങുന്നത്. ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് റീമാസ്റ്ററിംഗ് പൂർത്തിയായത്.