കുതി​ച്ചുച്ചാട്ടത്തി​ന് ഒരുങ്ങി മെഡി​ക്കൽ രംഗം

Sunday 01 January 2023 4:55 AM IST

2023 ഇങ്ങെത്തി. കഴിഞ്ഞ രണ്ടുവർഷം കൊവിഡിനു കൊടുത്ത വർഷങ്ങളായിരുന്നു. 2022 ലെ അവസാനദിവസങ്ങളിൽ ചില ചീത്തവാർത്തകൾ വരുന്നുണ്ടെങ്കിലും പുതുവർഷം വൈറസിൽനിന്ന് പൂർണമോചനം ലഭിക്കുമെന്നതാണ് നമ്മുടെ പ്രതീക്ഷ . ഈ വേളയിൽ മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ ഇന്ത്യ വികസിപ്പിച്ചത് നേട്ടമാണ്. വാക്സിൻ എടുത്തിട്ടുള്ളവർക്കും ബൂസ്റ്ററായി ഇത് ഉപയോഗിക്കാം. അതോടുകൂടി കൊവിഡ് ഒരു ദുഃസ്വപ്നം പോലെ മാഞ്ഞുപോകുമെന്ന് പ്രതീക്ഷിക്കാം. കൊവിഡ് വാക്സിനുകളിൽ ഏറ്റവും പുതുമയുള്ള ടെക്‌നോളജി എം.ആർ.എൻ.എ വാക്സിനുകളാണ്. വൈറസിന്റെ മുനകളെ അനുകരിക്കുന്ന എം. ആർ. എൻ .എ ഉപയോഗിച്ച് അവയ്‌ക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് എം. ആർ. എൻ. എവാക്സിനുകൾ. കൊവിഡ് വന്നില്ലായിരുന്നെങ്കിൽ ഈ സാങ്കേതിക വിദ്യ വികസിക്കാൻ ഏറെ വർഷങ്ങൾ വേണ്ടിവന്നേനെ. എം.ആർ.എൻ.എ വാക്സിനുകൾ കൊവിഡിനെതിരെ മാത്രമല്ല, സിക്കാ വൈറസിനെതിരെയും ചിലതരം കാൻസറിനെതിരെയും വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാക്സിൻ നിർമ്മാണപ്രക്രിയയിൽ വർഷങ്ങൾ വെട്ടിക്കുറയ്‌ക്കാൻ എം.ആർ.എൻ.എ വാക്സിനുകൾക്ക് കഴിയും.

പല ദിശകളിലും വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് മെഡിക്കൽ മേഖല. ജീൻ ചികിത്സയാണ് അതിലൊന്ന്. ക്രിസ്‌പർകാസ് 9 എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ എളുപ്പവും ചെലവ് കുറച്ചും ജീൻ എഡിറ്റിംഗ് നടത്താമെന്നു വന്നതോടെ ഒറ്റ ജീനുകളുടെ വൈകല്യം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് പരിപൂർണമായ ശമനം നൽകാൻ കഴിഞ്ഞേക്കും. ഇതിൽ നമുക്ക് പരിചിതമായ ഒന്നാണ് ഹീമോഫീലിയ, പ്രത്യേകിച്ച് ഹീമോഫീലിയ ബി എന്ന വകഭേദം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനിന്റെ അഭാവം കാരണം ചെറിയ മുറിവുകൾ പോലും മാരകമായിത്തീരുന്ന അവസ്ഥയാണിത്. ഈ പ്രോട്ടീനിന്റെ കരളിൽ നടക്കുന്ന നിർമ്മാണം നിയന്ത്രിക്കുന്നത് ഒരൊറ്റ ജീൻ ആണ്. അതിന്റെ തകരാറാണ് ഹീമോഫീലിയയിൽ എത്തിക്കുന്നത്. ഈ ജീനിന്റെ അഭാവം പരിഹരിക്കാനായി ജീനിനെ ഒരു നിർവീര്യമാക്കപ്പെട്ട വൈറസിൽകൂടി ശരീരത്തിലേക്ക് കടത്തിവിട്ട്, കരളിലെ കോശങ്ങളിലെത്തിച്ച്, കരളിനെ ഈ പ്രോട്ടീൻ നിർമ്മിക്കാൻ സജ്ജമാക്കാമെന്ന് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞുകഴിഞ്ഞു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ഹീമോഫീലിയ രോഗികൾക്ക് വലിയ അനുഗ്രഹമായിരിക്കും ഈ ചികിത്സാരീതി.

ഭാവിയിൽ ഹീമോഫീലിയ മാത്രമല്ല, സിക്കിൾ സെൽ ഡിസീസ്, മസ്‌കുലർ ഡിസ്‌ട്രോഫി തുടങ്ങിയ പല ഒറ്റ ജീൻ രോഗങ്ങളുടെയും ചികിത്സ പോകുന്നത് ഈ വഴിക്കായിരിക്കുമെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞു.

കുട്ടികളിലുള്ള ലൂക്കീമിയ (രക്തകോശങ്ങളുടെ കാൻസർ) ഒരു പരിധിവരെ നിയന്ത്രണവിധേയമായട്ടുണ്ട്. എങ്കിലും ചില ടൈപ്പ് ലൂക്കീമിയകൾ ഇപ്പോഴും മാരകമാണ്, പ്രത്യേകിച്ച് ചില ടിസെൽ ലൂക്കീമിയകൾ. ബ്രിട്ടനിൽ ഇങ്ങനെയുള്ള ലൂക്കീമിയ ബാധിച്ച എലിസ എന്ന പതിമൂന്നുകാരിയെ 'ബേസ് എഡിറ്റിംഗ്' എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയിൽകൂടി ഡോ. വസീം കാസിമിന്റെ നേതൃത്വത്തിലുള്ള ടീം പൂർണമായി രോഗവിമുക്തയാക്കിയത് വലിയ വാർത്തയായിരുന്നു. ഡി.എൻ.എയിലെ ഘടകങ്ങളായ 'ബേസുകളെ' 'തിരുത്തു'ന്ന പ്രക്രിയയാണ് ബേസ് എഡിറ്റിംഗ്. ബേസ് എഡിറ്റിംഗിന്റെ സാദ്ധ്യതകൾ കാണാനിരിക്കുന്നതേയുള്ളു എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

അപകടത്തെ തുടർന്നും മറ്റും സുഷുമ്‌നാ നാഡി മുറിഞ്ഞുപോയവർക്ക് ആഘാതത്തിനു കീഴെയുള്ള ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്നത് സാധാരണമാണ്. സ്‌പൈനൽ കോഡിലെ നാഡീകോശങ്ങളായ ന്യൂറോണുകൾ നശിച്ചുപോകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചിലപ്പോൾ കൈകളും കാലുകളും അനക്കാൻ വയ്യാതെ പരിപൂർണമായി ശയ്യാവലംബികളായോ വീൽചെയറിലോ ശിഷ്ടജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്നവർ ധാരാളമുണ്ട്. അവർക്ക് പ്രതീക്ഷനൽകുന്ന ഒരു ചികിത്സാരീതി ഇസ്രായേലിലെ ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. തൊലിക്കടിയിൽ നിന്നുള്ള കോശങ്ങളെ ചില സാങ്കേതിക വിദ്യകളിലൂടെ സ്റ്റെം സെൽസ് ആക്കി മാറ്റി, അവയെ നശിച്ചുപോയ ന്യൂറോണുകൾക്ക് പകരം നാഡീകോശങ്ങളായി വളർത്തിയെടുക്കാൻ കഴിയുമെന്ന് പരീക്ഷണമൃഗങ്ങളിൽ തെളിഞ്ഞുകഴിഞ്ഞു. തളർവാതത്തിന്റെ ചികിത്സയിൽ സുപ്രധാനമായ ഒരു കാൽ വെയ്പാണ് ഇത്.

ഡയബെറ്റിസ്, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവക്ക് ശക്തമായ പുതിയ ചികിത്സാരീതികൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഒരു പക്ഷേ ഇവയിൽ പലതും സാധാരണചികിത്സാരീതികളായി മാറിയേക്കാം. നിർമ്മിതബുദ്ധിയും മെഡിക്കൽ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സെപ്സിസ്, രക്താതിമർദ്ദം തുടങ്ങിയ പലരോഗാവസ്ഥകളുടെയും ഗതി പ്രവചിക്കാൻ കഴിയുന്ന എ. ഐ ഇപ്പോളുണ്ട്. നേരത്തെ ഇടപെടുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ചികിത്സാരംഗത്ത് 2023 പ്രതീക്ഷകൾ പൂവണിയുന്ന വർഷമായിരിക്കും, തീർച്ച.