ചരിത്രം കുറിച്ച് മുർമു

Sunday 01 January 2023 4:15 AM IST

മനുഷ്യന്റെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും കൊവിഡ് മഹാമാരിയെ കീഴടക്കിയ കാഴ്‌ചയാണ് 2022നെ വേറിട്ടതാക്കുന്നത് . ചൈനയിൽനിന്നുള്ള പുതിയ വകഭേദം ലോകത്തിന് ഭീഷണിയാകുമെന്ന പുതിയ ആശങ്കയുമായാണ് 2022 വിടവാങ്ങുന്നതും.

യുക്രെയിൻ

പ്രതിസന്ധി

യുക്രെയിനിലെ റഷ്യൻ അധിനിവേശം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും മലയാളികളടക്കം വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാർത്ഥികളെ രക്ഷിച്ച കേന്ദ്രസർക്കാരിന്റെ ഒാപ്പറേഷൻ ഗംഗ കൈയടി നേടി. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാൽ, കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്നിവർ യുക്രെയിനിൽ രക്തസാക്ഷികളായി.

യു.പിയും ഗുജറാത്തും

നിലനിറുത്തി ബി.ജെ.പി

രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശും ഗോവയും ഉത്തരാഖണ്ഡും മണിപ്പൂരും ബി.ജെ.പി നിലനിറുത്തി. പഞ്ചാബ് തൂത്തുവാരിയും ഗോവയിൽ മൂന്ന് സീറ്റ് പിടിച്ചും ആംആദ്‌മി പാർട്ടി ശക്തി തെളിയിച്ചു.

പഞ്ചാബിൽ ഭരണം നഷ്‌ടപ്പെട്ട കോൺഗ്രസ് ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും യു.പിയിലും തകർന്നടിഞ്ഞു.

ഡൽഹിക്ക് പുറത്ത് ആംആദ്‌മി പാർട്ടി അധികാരം നേടുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്. ഭഗവന്ത് സിംഗ് മാൻ മുഖ്യമന്ത്രിയായി.

ഡിസംബറിലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 182 അംഗ നിയമസഭയിൽ 156 സീറ്റിൽ ജയിച്ച് ഏഴാം തവണയും ഭരണം നേടി. ഹിമാചൽപ്രദേശിൽ അധികാരം തിരിച്ചുപിടിച്ച് കോൺഗ്രസ് സർക്കാർ ഭരണത്തിൽ. ഗുജറാത്തിൽ അക്കൗണ്ട് തുറന്ന ആംആദ്‌മി ദേശീയ പാർട്ടിയായി.

കോൺഗ്രസിൽ

ഖാർഗെ യുഗം

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ പതറിയ കോൺഗ്രസ് സ്വയം നവീകരണത്തിന് നടത്തിയ ശ്രമങ്ങൾക്കും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലെത്തുന്നതിനും 2022 സാക്ഷ്യം വഹിച്ചു.

മേയിൽ രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ചിന്തൻശിബിരം ഭാവി മുന്നിൽക്കണ്ടുള്ള പുരോഗമനാത്മക തീരുമാനങ്ങളെടുത്തു.

നയിക്കാൻ ഖാർഗെ

​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​മ​ര​ത്ത് ​ഗാ​ന്ധി​ കു​ടും​ബ​വാ​ഴ്‌​ച​യെ​ന്ന​ ​കീ​ഴ്‌​വ​ഴ​ക്കം​ ​തി​രു​ത്തി​ ക​ർ​ണാ​ട​ക​ത്തി​ലെ​ ​ദ​ളി​ത് ​നേ​താ​വ് ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​ ഒ​ക്‌​ടോ​ബ​ർ​ 26​ന് ​ അ​ദ്ധ്യ​ക്ഷ​നാ​യി​ ​ചു​മ​ത​ല​യേറ്റു. 22​ ​വ​ർ​ഷം

പാ​ർ​ട്ടി​യെ​ ​ന​യി​ച്ച സോ​ണി​യാ​ഗാ​ന്ധി​ ​പടിയിറങ്ങി.

മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, പട്ടേദാർ നേതാവ് ഹാർദിക് പട്ടേൽ തുടങ്ങിയ നേതാക്കൾ പാർട്ടി വിട്ടു.

സെപ്‌തംബറിൽ കന്യാകുമാരിയിൽനിന്ന് തുടക്കമിട്ട ഭാരത് ജോഡോ ജമ്മുകാശ്‌മീരിലേക്കുള്ള യാത്രയിൽ പകുതിദൂരം പിന്നിട്ട് ഡൽഹിയിലെത്തി.

സേന പിളർന്നു;

ഉദ്ധവ് വീണു

ജൂണിൽ ബി.ജെ.പി പിന്തുണയോടെ നടന്ന വിമത നീക്കത്തിനൊടുവിൽ ശിവസേന പിളർന്നു. മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ മഹാ അഗാഡി സർക്കാരിനെ വീഴ്‌ത്തി വിമതൻ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാർ രൂപീകരിച്ചു. മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി.

ചരിത്രം രചിച്ച്

ദ്രൗപദി മുർമു

സന്താൾ ആദിവാസി വിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമു ( 64) ജൂലായ് 25ന് ഇന്ത്യയുടെ 15-ാം രാഷ്‌ട്രപതിയായി ചുമതലയേറ്റു. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ പിന്നാക്കമേഖലയായ രയിരംഗ്‌പൂർ ഗ്രാമത്തിൽനിന്നുള്ള മുർമു പ്രഥമ പൗരത്വത്തിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ്.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെയാണ് മുർമു തോൽപ്പിച്ചത്.

ധൻകർ ഉപരാഷ്‌ട്രപതി

രാജ്യത്തിന്റെ 14-ാം ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകർ (71) ആഗസ്റ്റ് 10 ന് ചുമതലയേറ്റു. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ

സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ തോൽപ്പിച്ചു.

എൻ.ഡി.എ വിട്ട് നിതീഷ്

ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ആഗസ്റ്റിൽ എൻ.ഡി.എ വിട്ട് കോൺഗ്രസ്-ആർ.ജെ.ഡി പാർട്ടികൾക്കൊപ്പം മഹാമുന്നണി രൂപീകരിച്ച് ബീഹാറിൽ സർക്കാരുണ്ടാക്കി.

സൈന്യത്തിന്

അഗ്‌നിവീറുകൾ

സായുധസേനകളിലേക്ക് നാലുവർഷത്തെ കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്ന വിപ്ളവകരമായ അഗ്‌നിപഥ് പദ്ധതിക്ക് കേന്ദ്രസർക്കാർ ജൂൺ 14 ന്

തുടക്കമിട്ടു. സൈനികർക്കുള്ള ദീർഘകാല കാലാവധി, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ ഇല്ലാതാക്കിയ പദ്ധതിക്കെതിരെ വിമർശനമുയർന്നു. പ്രതിഷേധങ്ങൾ അക്രമാസക്തമായി.

കോൺഗ്രസും

നാഷണൽ ഹെറാൾഡ് കേസും

നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്‌തു. കോൺഗ്രസ് പ്രതിഷേധം അക്രമാസക്തമായി.

മറ്റ് പ്രധാന സംഭവങ്ങൾ

 17 ഏപ്രിൽ : ഡൽഹിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ സംഘർഷം.

സെപ്‌തംബർ 14: ഗോവയിൽ 11 കോൺഗ്രസ് എം.എൽ.എമാരിൽ പ്രതിപക്ഷനേതാ​​വും മുൻ മുഖ്യമന്ത്രിയും അടക്കം എട്ടുപേർ ബി.ജെ.പിയിലേക്ക് കൂറുമാറി.

 സെപ്‌തംബർ 17 : എട്ട് നമീബിയൻ ചീറ്റപ്പുലികൾ ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 72 -ാം പിറന്നാൾ ദിനത്തിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകളെ തുറന്നുവിട്ടു.

സെപ്‌തംബർ 28: ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ചു.

 സെപ്‌തംബർ 28: ലെഫ്റ്റനന്റ് ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്തസേനാ മേധാവി

 ഒക്‌ടോബർ 03: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് യാദവ്(82) അന്തരിച്ചു.

 ഒക്ടോബർ 30: ഗുജറാത്തിലെ മോർബിയിൽ മാച്ചുനദിക്കു കുറുകെ 19-ാം നൂറ്റാണ്ടിൽ നിർമ്മിച്ച തൂക്കുപാലം തകർന്ന് 135 പേർ മുങ്ങിമരിച്ചു.

 നവംബർ 23: റിട്ട. മലയാളി ഐ.എ.എസ് ഒാഫീസർ സി.വി. ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ.

 ഡിസംബർ 07: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടി പതിനഞ്ചുവർഷം നീണ്ട ബി.ജെ.പിയുടെ ഭരണം അവസാനിപ്പിച്ചു.

 ഡിസംബർ 09: അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തി.

 ഡിസംബർ 10: രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ ഒളിമ്പ്യൻ പി.ടി.ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിതാ അദ്ധ്യക്ഷയായി.