നഗരവസന്തത്തിനിടെ കുടിവെള്ള മോഷണം; നോട്ടീസ് നൽകിയ ഉദ്യോഗസ്ഥർക്ക് ഭീഷണി

Sunday 01 January 2023 1:50 AM IST

തിരുവനന്തപുരം: നഗരവസന്തം നടക്കുന്ന കനകക്കുന്നിൽ കുടിവെള്ള മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ച് നോട്ടീസ് നൽകിയ ജലഅതോറിട്ടി കവടിയാർ സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് നേതാക്കളുടെ ഭീഷണി. കനകക്കുന്ന് കോമ്പൗണ്ടിലുള്ള ഹോർട്ടികോർപ്പിന്റെ ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് നൽകുന്ന കണക്ഷനിൽ നിന്നാണ് കുടിവെള്ള മോഷണം. കനക നഗർ അടക്കം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള വിതരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴാണിത്.

കുടുംബശ്രീയുടെ ഫുഡ് കോർട്ട് നടക്കുന്നിടത്തിന് സമീപത്തുനിന്നാണ് ഹോസിട്ട് ടാങ്കിൽ ജലം ശേഖരിക്കുന്നത്. പേരിന് കുറച്ചുവെള്ളം കുടിവെള്ള ടാങ്കറിലുമെത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷംവരെ കനകക്കുന്നിൽ പരിപാടികൾ നടക്കുമ്പോൾ 20 ദിവസത്തേക്ക് തുക അടച്ചാണ് വെള്ളമെടുത്തിരുന്നത്. എന്നാൽ ഇത്തവണ ഇതൊഴിവാക്കി, മുൻപ് വെള്ളം നൽകാൻ ഉപയോഗിച്ചിരുന്നിടത്ത് നിന്ന് വെള്ളം മോഷ്ടിക്കുകയായിരുന്നു. ഇന്നലെ മൂന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നോട്ടീസ് നൽകി മടങ്ങിയതിന് പിന്നാലെ നേതാക്കളുടെ പേരിൽ ഭീഷണിയെത്തുകയായിരുന്നു. അതേസമയം സർക്കാർ സഹകരണത്തോടെ നടക്കുന്ന പരിപാടിയായതിനാലാണ് കുടിവെള്ളം വിച്ഛേദിക്കാതിരുന്നതെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു. 50,000 രൂപ വരെ പിഴ നൽകേണ്ട തട്ടിപ്പാണുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

 ക്രമക്കേട് കണ്ടെത്തി പക്ഷേ...

ഗുരുത ക്രമക്കേട് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കാത്തവിധം സമർദ്ദമുണ്ടെന്നാണ് ആക്ഷേപം. കുടിശിക പിരിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കാട്ടി നോർത്ത് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥരിൽ നിന്ന് ശമ്പളം പിടിക്കുന്നതടക്കമുള്ള നടപടിക്കായി കാരണം കാണിക്കൽ നോട്ടീസടക്കം നൽകിയിരിക്കെയാണ് പുതിയ സംഭവം. ഡിവിഷന് കീഴിൽ ജലവിതരണം ചെയ്‌ത വകയിൽ പല ഉന്നതരും പ്രമുഖ ക്ലബുകളും ജല അതോറിട്ടിക്ക് ലക്ഷങ്ങൾ നൽകാനുണ്ട്. പല തവണ നോട്ടീസടക്കം നൽകിയെങ്കിലും സ്വാധീനം കാരണം തുടർ നടപടികൾ ആവിയായി.