ലേബലിനും അടപ്പിനും ക്ഷാമം അരുവിക്കരയിലെ കുപ്പിവെള്ള ഉത്പാദനം പ്രതിസന്ധിയിൽ

Sunday 01 January 2023 3:52 AM IST

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെ തുടർന്ന് സർക്കാരിന്റെ സ്വന്തം കുപ്പിവെള്ളമായ ഹില്ലി അക്വയുടെ അരുവിക്കരയിലെ പ്ളാന്റിൽ നിന്നുള്ള ഉത്പാദനം പ്രതിസന്ധിയിലേക്ക്. കുപ്പിയുടെ അടപ്പിനും ലേബലിനും ഉണ്ടായ ദൗർലഭ്യം കാരണം കഴിഞ്ഞ നാല് ദിവസമായി ഇവിടെ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് കുപ്പിവെള്ളത്തിന് വേണ്ട അടപ്പുകളും ലേബലും കരാറടിസ്ഥാനത്തിൽ വാങ്ങുന്നത്. എന്നാൽ,​ സാഹചര്യം മനസിലാക്കിയിട്ടും ഇവ വാങ്ങാൻ ഉന്നതതലത്തിൽ ഉദ്യോഗസ്ഥ‍ർ ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് ആരോപണം.സീസൺ സമയത്ത് യന്ത്രം കേടാകുന്നതും അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകുന്നതും പതിവാണെന്നും തൊഴിലാളികൾ പറയുന്നു. ഓണക്കാലത്തും ക്യാപ്പുകൾക്ക് ക്ഷാമം ഉണ്ടായിരുന്നു. ഇതിനോടകം 15 ലക്ഷം രൂപയുടെ നഷ്ടം കിഡ്കിന് ഉണ്ടായിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് അരുവിക്കരയിലെ പ്ളാന്റ് പ്രവർത്തനം തുടങ്ങിയത്. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ഉത്പാദനം. ശബരിമല സീസണായതോടെ രാത്രി ഷിഫ്‌റ്റിൽ കൂടുതൽ കുപ്പിവെള്ളം ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. സർക്കാർ യോഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഹില്ലി അക്വ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. അരുവിക്കരയിലെ കുപ്പിവെള്ളം തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ ജില്ലകളിലും തൊടുപുഴയിലേത് എറണാകുളം,​ കോട്ടയം,​ തൃശൂർ ജില്ലകളിലും വിതരണത്തിനെത്തിക്കുന്നുണ്ട്. ജയിൽ വകുപ്പിന് കീഴിൽ ഫ്രീഡം ഫുഡ് പദ്ധതിയിലൂടെ 10 രൂപയ്ക്ക് ഹില്ലി അക്വ വിൽക്കുന്നുണ്ട്.

സ്വന്തമായി ഔട്ട്‌‌ലെറ്റുകൾ ഇല്ല

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപ്പറേഷന് (കിഡ്‌ക്) കീഴിലാണ് ഹില്ല അക്വ ഉത്‌പാദിപ്പിക്കുന്നത്. സ്വന്തമായി ഔട്ട്‌‌ലെറ്റുകൾ ഇല്ലാത്തതിനാൽ ഫാക്ടറിയിലെ ഔട്ട്‌‌ലെറ്റുകൾ വഴിയാണ് ഇവ വിൽക്കുന്നത്. അതിനിടെയാണ് കൂനിന്മേൽ കുരു എന്നപോലെ അടപ്പിനും ലേബലിനും ക്ഷാമമുണ്ടായത്.

കടുത്ത ക്ഷാമം

ആറ് ലക്ഷത്തോളം ക്യാപ്പുകൾ ഒരുമിച്ച് വാങ്ങി വയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്. കിഡ്കിന്റെ മുദ്ര‌യുള്ള ക്യാപ്പും ലേബലുമാണ് ഹില്ലി അക്വയിൽ ഉപയോഗിക്കുന്നത്. എന്നാൽ,​ ക്ഷാമത്തെ തുടർന്ന് ഒരാഴ്ച മുമ്പ് കഴക്കൂട്ടത്തെ ഒരു കമ്പനിയിൽ നിന്ന് ലോക്കൽ ക്യാപ്പ് വാങ്ങി ഉപയോഗിക്കുകയായിരുന്നു.

അധിക ചെലവും

ഉത്പാദനം നിറുത്തിയതോടെ തൊടുപുഴയിലെ കിഡ്കിന്റെ ഫാക്ടറിയിൽ നിന്ന് ലോറികളിൽ കുപ്പിവെള്ളം അരുവിക്കരയിൽ എത്തിച്ചാണ് തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ ജില്ലകളിൽ വിതരണം ചെയ്യുന്നത്. ഇത് കമ്പനിക്ക് അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്.