ട്രെയിനിൽ കയറുന്നതിനിടെ സ്വർണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച സ്ത്രീയെ കണ്ടത്തി

Sunday 01 January 2023 2:05 AM IST

ഷൊർണൂർ: ട്രെയിനിൽ കയറുന്നതിനിടെ സ്വർണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച സ്ത്രീയെ കണ്ടത്തി. ബാഗ് എടുക്കാൻ മറന്ന യാത്രക്കാരിയുടെ പരാതിയിൽ റെയിൽവേ എസ്.ഐയുടെ പരിശ്രമഫലമായി ബാഗ് മോഷ്ട്ടിച്ച സ്ത്രീയെ തിരൂരിലെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബാഗും സ്വർണവും തിരിച്ചെടുത്തു.

വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് ഷൊർണൂർ പരുത്തിപ്ര സ്വദേശിയായ ഷമീറ തിരൂരിലെ ഭർത്താവിന്റെ വീട്ടലേക്ക് പോകാൻ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രെയിൻ വരുന്നതിന് മുന്നേ തന്നെ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട സ്ത്രീയുടെ കൂടെ പ്ലാറ്റ്‌ഫോമിൽ ഇരുന്നിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോൾ ഒരു ബാഗ് എടുക്കാൻ മറന്ന് ട്രെയിനിൽ കയറുകയായിരുന്നു. എന്നാൽ ഉടനെ തന്നെ തിരിച്ചിറങ്ങി ഇരുന്ന സ്ഥലത്ത് നോക്കിയപ്പോൾ ബാഗ് കാണാനായില്ല. തുടർന്ന് ഷൊർണൂരിലെ വാർഡ് കൗൺസിലർ വിജയനെ വിളിച്ച് വിവരം അറിയിച്ചു. ഇതേ തുടർന്ന് കൗൺസിലറെത്തി പൊലീസിൽ പരാതി നൽകി. ഷൊർണൂരിൽ നിന്നും കൂടെയുണ്ടായിരുന്ന സ്ത്രീ തന്നെ ബാഗെടുത്ത് അതേ ട്രെയിനിൽ കയറിയിരുന്നു. വില കൂടിയ ഫോൺ ഓഫാക്കാൻ അറിയാതിരുന്നതും പെട്ടന്ന് കണ്ടെത്താനായതായി എസ്.ഐ അനിൽ മാത്യു പറഞ്ഞു. ബാഗിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണവും തിരിച്ചു കിട്ടി. എ.ടി.എം കാർഡുകൾ റെയിലോരത്ത് വലിച്ചെറിഞ്ഞതും കണ്ടെത്തി. പിടികൂടിയ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പരാതിക്കാരിക്ക് പരാതി പിൻവലിച്ചു.