ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിശോധന; 13 ലിറ്റർ വിദേശമദ്യം ഉപേക്ഷിച്ച നിലയിൽ
ഷൊർണൂർ: ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റെയിൽവെ പൊലീസ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ആറാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്ന് 13 ലിറ്റർ വിദേശമദ്യം കസ്റ്റഡിയിലെടുത്തു.
ഇന്നലെ 11 മണിയോടെ നേത്രാവതി എക്സ്പ്രസ്സ് സ്റ്റേഷനിൽ എത്തിയ ശേഷം ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിർമ്മാണം നടക്കുന്ന ഇരുമ്പ് കാലിന്റെ സമീപമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ നീല നിറമുള്ള ബാഗ് കണ്ടത്. പരിശോധിച്ചപ്പോൾ മൈസൂരിൽ മാത്രം വില്പനാനുമതിയുള്ള ലിറ്ററിന്റെ 13 കുപ്പി ബ്രാണ്ടിയാണ് ബാഗിലുണ്ടായിരുന്നത്. സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ മാത്യൂവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുഭാഷ്, അരവിന്ദാക്ഷൻ, എ.എസ്.ഐ.ജോസ് ഡിക്രൂസ്, സി.പി.ഒ.മാരായ മുരുകൻ, നൗഷാദ്, ഡാൻസാഫ് ഡ്യൂട്ടിയിലുള്ള എസ്.ഐ.അയ്യപ്പ ജ്യോതി ,എസ്.സി.പി.ഒ.അനിൽ ,സി. പി.ഒ.മാരായ നൗഷാദ് ഖാൻ ,സിറാജുദ്ധീൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.