ആലപ്പുഴ ജെൻഡർ പാർക്ക്, മുറികൾ പലതും വഴി​വി​ട്ടു​, സ്ത്രീ യാത്രി​കർ വലയുന്നു

Sunday 01 January 2023 1:07 AM IST

ആലപ്പുഴ: സംഘടനകളുമായി ബന്ധപ്പെട്ട പരിപാടികൾക്കും മറ്റ് ആവശ്യങ്ങൾക്കും ആലപ്പുഴ നഗരത്തിലോ സമീപപ്രദേശങ്ങളിലോ എത്തുന്ന സ്ത്രീകൾക്ക് സൗജന്യ രാത്രിതാമസത്തിനുള്ള, ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്കിലെ മുറികൾ മറ്റാവശ്യങ്ങൾക്ക് വിട്ടുകൊടുത്തത് തലവേദനയാവുന്നു. നഗരത്തിൽ ജനറൽ ആശുപത്രിക്ക് വടക്കുഭാഗത്തുള്ള പാർക്കിൽ 38 മുറികളാണുള്ളത്. ഇതിൽ പകുതിയിലേറെയും വനിതാ ശിശു വികസന വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. ശേഷിക്കുന്ന മുറികളിലാണ് സ്ത്രീകൾക്ക് താമസസൗകര്യം ലഭിക്കുന്നത്.

രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത അഭയകേന്ദ്രമാണ് ജെൻഡർ പാർക്ക്. നഗരം വിട്ടുകഴിഞ്ഞാൽ, മറ്റെവിടെയും സ്ത്രീകൾക്ക് മാത്രമായുള്ള ലോഡ്ജുകൾ ലഭ്യമല്ല. ഇതിനാൽ പലരും രാത്രിയിൽ റെയിൽവേ സ്റ്റേഷനുകളിലാണ് അഭയം തേടുന്നത്. ബസ് സ്റ്റാൻഡുകളെ അപേക്ഷിച്ച് സുരക്ഷിതമായി ഇരിക്കാൻ മുറിയുണ്ടെന്നുള്ളതാണ് റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കാൻ കാരണം.

സ്ഥലമില്ലാതെ 'സേഫ് സ്റ്റേ'

സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളാണ് 'സേഫ് സ്റ്റേ'. ജില്ലയിൽ സേഫ് സ്റ്റേ ഹോസ്റ്റൽ ആരംഭിക്കാൻ അധികൃതർ സ്ഥലം അന്വേഷിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. നഗരം കേന്ദ്രീകരിച്ചോ, വണ്ടാനം ഭാഗത്തോ കെട്ടിടം ലഭിക്കുമോയെന്നാണ് അന്വേഷിക്കുന്നത്. ഇതുവരെ ഫലമുണ്ടായില്ല. ഒരേ സമയം 60 സ്ത്രീകൾക്ക് വരെ താമസിക്കാൻ സൗകര്യം ലഭിക്കുന്ന തരത്തിൽ ബൃഹത് പദ്ധതിയാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ സംസ്ഥാനത്തെ 23 ടൗണുകളിലായി 133 സ്ത്രീകൾക്ക് താമസസൗകര്യം നൽകാൻ സേഫ് സ്റ്റേ പ്രാപ്തമാണ്. ഈ ഹോസ്റ്റലുകളിൽ പ്രവേശനത്തിന് 'സേഫ് സ്റ്റേ' മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. പ്രതിദിനം 500 രൂപയിൽ താഴെ ചെലവിൽ താമസം ഉറപ്പാക്കാൻ സാധിക്കും.

വെറുതേ ഒരു ഷീ ലോഡ്ജ്

നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസസൗകര്യമൊരുക്കാനാണ് നോർത്ത് പൊലീസ് സ്റ്റേഷന് സമീപം മൂന്ന് വർഷം മുമ്പ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. താഴത്തെ നിലയിലെ മുറി കുടുംബശ്രീക്ക് സുഭിക്ഷ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകി. ഒന്നാം നിലയിലെ 12 മുറികളാണ് ഷീ ലോഡ്ജാക്കിയത്. നഗര ഹൃദയത്തോടു ചേർന്നായതിനാൽ സ്ത്രീകൾ ഇവിടെ താമസത്തിനെത്തില്ലെന്ന നിലപാടിലാണ് അധികൃതർ. അതിനാൽ നിശ്ചിത മുറികൾ സ്ത്രീകൾക്ക് ലഭ്യമാക്കുമെന്ന ഉറപ്പോടെ, ബാക്കിയുള്ളവ ടെൻഡർ നൽകാനുള്ള ആലോചനയിലാണ് നഗരസഭ. കരാർ എടുക്കുന്നവർക്ക് ബാക്കി മുറികൾ വാടകയ്ക്ക് നൽകാം.

നഗരത്തിനു സമീപമുള്ള ഷീ ലോഡ്ജ് തേടി ആവശ്യക്കാരെത്തുന്നില്ല എന്നതാണ് പ്രശ്നം. മുറികൾ വെറുതെ കിടന്നു നശിക്കാതിരിക്കാൻ ടെൻഡർ നൽകാൻ ആലോചിക്കുന്നുണ്ട്. പകുതി മുറികൾ സ്ത്രീകൾക്ക് വേണ്ടി ഒഴിച്ചിടും

-സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ

ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്കിലാണ് നഗരത്തിലെത്തുന്ന സ്ത്രീകൾ നിലവിൽ താമസിക്കുന്നത്. പാർക്കിൽ തന്നെയാണ് വനിതാ ശിശുവികസന വകുപ്പിന്റെ ഷെൽട്ടർ ഹോമും പ്രവർത്തിക്കുന്നത്

-ആർ.റിയാസ്, ജില്ലാ പഞ്ചായത്തംഗം

സേഫ് സ്റ്റേ ലോഡ്ജ് ആരംഭിക്കാൻ സ്ഥലം അന്വേഷിക്കുകയാണ്. ലോഡ്ജ് യാഥാർത്ഥ്യമായാൽ രാത്രിയാത്രകളിൽ ജില്ലയിലെത്തുന്ന സ്ത്രീകൾക്കുൾപ്പടെ വലിയ ആശ്വാസമാകും

-വനിത വികസന കോർപ്പറേഷൻ അധികൃതർ

Advertisement
Advertisement