ചിത്രൻ നമ്പൂതിരിപ്പാട് 104-ാം വയസിലേക്ക്; പിറന്നാളാഘോഷം നാളെ

Sunday 01 January 2023 12:00 AM IST

തൃശൂർ: വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ 103-ാം പിറന്നാളാഘോഷം നാളെ രാവിലെ പത്തിന് പൂങ്കുന്നം സീതാരാമസ്വാമി മണ്ഡപത്തിൽ നടക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ഹിമാലയ കൈലാസ യാത്രികയും സഞ്ചാര കഥാകാരിയുമായ യമുനമ്മയ്ക്ക് മുക്തിസ്ഥലേശ്വരി പുരസ്‌കാരം നൽകും.

ഇ.എം.എസ് നമ്പൂതിരിപ്പാട്, മഹാകവി വള്ളത്തോൾ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്താനും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പന്തിഭോജനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ ആശയങ്ങളോട് ചേർന്ന അദ്ദേഹം സ്വസമുദായത്തിലെ എതിർപ്പിനെ അവഗണിച്ചാണ് പന്തിഭോജനത്തിൽ പങ്കെടുത്തത്. കേരളത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്ത് അതിന്റെ ഭാഗമാകുകയും സ്റ്റൂഡന്റ് ഫെഡറേഷന്റെ ആദ്യ സെക്രട്ടറിയാകുകയും ചെയ്തു.

അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹം കെ. ദാമോദരനിലൂടെയാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത്. 1947ൽ തന്റെ നാടായ മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ തുടങ്ങിയ വിദ്യാലയം പത്ത് കൊല്ലത്തിന് ശേഷം കേവലം ഒരു രൂപ വാങ്ങി സർക്കാരിന് കൈമാറി. ഏറെക്കാലം അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനുമായി പ്രവർത്തിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായാണ് 1979ൽ വിരമിച്ചത്. തവനൂർ റൂറൽ എഡ്യുക്കേഷൻ സെക്രട്ടറിയായിരുന്നു. മുപ്പതിലധികം തവണ ഹിമാലയൻ യാത്ര നടത്തുകയും 'പുണ്യഹിമാലയം' എന്ന യാത്രാവിവരണ ഗ്രന്ഥമെഴുതുകയും ചെയ്തു.

'സ്മരണകളുടെ പൂമുഖം' ആത്മകഥയാണ്. ഇപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ള അദ്ദേഹം കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള പുസ്തകപ്പുര പദ്ധതിയിലേക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകിയിരുന്നു. പതിനൊന്ന് വയസുള്ളപ്പോൾ ഗുരുവായൂർ സത്യഗ്രഹപ്പന്തലിലെത്തി കെ. കേളപ്പനെ സന്ദർശിക്കുകയും രണ്ട് മാസത്തിന് ശേഷം അവിടെ ഗാന്ധിജിയുടെ പ്രസംഗം കേൾക്കാൻ പോകുകയും ചെയ്ത ചരിത്രമുണ്ട്.