സനാതന ധർമ്മ പഠന ശിബിരം സമാപനം

Sunday 01 January 2023 12:00 AM IST

കൊടുങ്ങല്ലൂർ: ആല കോതപറമ്പ് ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘം പാഠശാലയിൽ നടത്തിയ സനാതന ധർമ്മ പഠനശിബിരത്തിന്റെ സമാപന സഭ ജ്യോതിഷ പണ്ഡിതൻ കൂറ്റനാട് രാവുണ്ണി പണിക്കർ ഉദ്ഘാടനം ചെയ്തു. വൈദിക സംഘം പ്രസിഡന്റും ശിബിരം ആചാര്യനുമായ സി.ബി. പ്രകാശൻ ശാന്തി അദ്ധ്യക്ഷനായി.

വിദ്യാർത്ഥികളുടെ ഗീതാ പാരായണം, സംസ്‌കൃതഗീതം, കഥാവതരണം, നാടകം എന്നിവയ്ക്ക് ശേഷം മുഴുവൻ ക്ലാസുകളിലും പങ്കെടുത്ത ശിബിരാർത്ഥികൾക്കുള്ള സാക്ഷ്യപത്ര വിതരണം നടന്നു. എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ മുൻ സെക്രട്ടി പി.കെ. രവീന്ദ്രൻ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി സ്വാഗതവും ശിബിരം മുഖ്യസംയോജകൻ എ.എസ്. പ്രജീഷ് ശാന്തി നന്ദിയും പറഞ്ഞു. ശിബിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സംഘം സഹകാരികളുമടക്കം നൂറോളം പേർ പങ്കെടുത്ത യോഗം ഉച്ചയ്ക്ക് സമാപിച്ചു. ചടങ്ങുകൾക്ക് എം.എൻ. നന്ദകുമാർ ശാന്തി, പി.കെ. ഉണ്ണി ശാന്തി, എ.ബി. വിശ്വംഭരൻ ശാന്തി, പി.ആർ. മനോജ് ശാന്തി എന്നിവർ നേതൃത്വം നൽകി.