ഗ്രാറ്റ്വിവിറ്റി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം: കെ.പി.രാജേന്ദ്രൻ

Sunday 01 January 2023 12:04 AM IST

തൃശൂർ: തൊഴിലാളികളുടെ ഗ്രാറ്റ്വിവിറ്റി നൽകാത്ത സ്ഥാപനങ്ങളുടെ മേധാവികളുടെ പേരിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. കേരള ഫീഡ്‌സ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല പൊതുമേഖല സ്ഥാപനങ്ങളിലും പിരിഞ്ഞുപോയ തൊഴിലാളികൾക്ക് നിയമാനുസൃതം നൽകേണ്ട ഗ്രാറ്റ്വിവിറ്റി നൽകുന്നില്ല. സ്വകാര്യമേഖലകളിൽ നിരന്തരം നിയമം ലംഘിക്കുന്നു. തൊഴിൽ വകുപ്പ് നിസഹായരായി കാഴ്ചക്കാരായി മാറിനിൽക്കുന്നു. അനുകൂലമായ കോടതി വിധികൾ അംഗീകരിക്കുന്നില്ലെന്നും കെ.പി.രാജേന്ദ്രൻ പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷനായി. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, ടി.കെ.സുധീഷ്, കെ.സി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.