പ്രതിസന്ധികൾ 2023ൽ പരിഹരിക്കപ്പെടില്ലെന്ന് ഋഷി സുനക്

Sunday 01 January 2023 2:23 AM IST

ലണ്ടൻ: ബ്രിട്ടൺ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി 2023ൽ പരിഹരിക്കപ്പെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്ര ശേഷമുള്ള ആദ്യ പുതുവത്സര സന്ദേശത്തിലാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. പുതുവർഷത്തിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് രാജ്യത്തിന് നല്കിയ മുന്നറിയിപ്പാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ചാൾസ് രാജാവിന്റെ കിരീട ധാരണത്തോടെ ബ്രിട്ടണിൽ മികച്ച കാര്യങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയപ്പോൾ നല്കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കും. ജനങ്ങൾക്കു വേണ്ടി അശ്രാന്തം പരിശ്രമിക്കും.ഇതിനോടകം ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.ബാക്ക്ലോഗുകൾ പരിഹരിച്ചു. കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചു. അനധികൃത കുടിയേറ്രം കൈകാര്യം ചെയ്തു. ബ്രിട്ടൺ കൂടുതൽ ചലനാത്മകവും സൗന്ദര്യമുള്ളതാക്കി മാറ്റേണ്ടതുണ്ടെന്നും പ്രതിസന്ധികൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വാഗ്ദാനവുമായാണ് ഒക്ടോബറിൽ ഋഷി അധികാരത്തിലെത്തിയത്.

യുക്രെയിന് പിന്തുണ
ചെലവ് വർദ്ധിച്ചാലും ന്യായത്തിനൊപ്പമേ ബ്രിട്ടൺ നിലകൊള്ളുകയുള്ളു എന്നും റഷ്യൻ അധിനിവേശ ശ്രമത്തിൽ കഷ്ടപ്പെടുന്ന യുക്രെയിനൊപ്പം ഇനിയും നിലകൊള്ളുമെന്നും ഋഷി സുനക് വ്യക്തമാക്കി. 2023ൽ സ്വാതന്ത്ര്യവും ജനാധിപത്യവും ഭീഷണി നേരിടുന്നിടത്തെല്ലാം ബ്രിട്ടണിന്റെ ഇടപെടലുണ്ടാകും. ലോക വേദികൾ അതിനായി ഉപയോഗിക്കും. യുക്രയിനിലെ ക്രൂരമായ യുദ്ധം മുന്നിലുള്ള ആധിപത്യ വെല്ലുവിളികളിലൊന്നായി അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.യുദ്ധം ലോകമെമ്പാടും കടുത്ത സാമ്പത്തിക സ്വാധീനം ചെലുത്തി. യു.കെ ഇതിൽ നിന്ന് മുക്തമല്ല. അതുകൊണ്ടാണ് കടം വാങ്ങുന്നതുൾപ്പെടെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ, ന്യായമായ ആവശ്യത്തിനൊപ്പം നില്ക്കുകയും ചെയ്യും. ചെലവ് വർദ്ധിക്കുന്നതിനൊപ്പം ദുർബലരോടൊപ്പം നില്ക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.