ഡൽഹിയിലെ ഹോട്ടലുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം

Sunday 01 January 2023 12:34 AM IST

ന്യൂഡൽഹി: ഹോസ്‌പിറ്റാലിറ്റി ലൈസൻസിംഗ് നിയമങ്ങളിലെ ഇളവിന്റെ ഭാഗമായി ഡൽഹിയിൽ നക്ഷത്ര ഹോട്ടലുകളിലെ റസ്റ്റോറന്റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം. ഫോർ സ്റ്റാർ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിലെ റസ്റ്റോറന്റുകൾ, ബാറുകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, അന്തർ സംസ്ഥാന ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെ റസ്റ്റോറന്റുകൾക്കുമാണ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി.

ത്രീ സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണശാലകൾക്ക് പുലർച്ചെ രണ്ട് വരെയും ബാക്കിയുള്ളവയ്‌ക്ക് ഒന്നു വരെയും പ്രവർത്തിക്കാം. റസ്റ്റോറന്റുകളുടെ ലൈസൻസ് നിയമങ്ങൾ ലഘൂകരിക്കുന്നതിനായി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന നവംബറിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ. ജനുവരി 26 മുതൽ പുതിയ ലൈസൻസിംഗ് ഇളവുകൾ നിലവിൽ വരും.

ലൈസൻസ് നടപടി ലഘൂകരിക്കുന്നതിന്റെ ഭാഗമായി 28 രേഖകൾ ഒഴിവാക്കി. 49 ദിവസത്തിനുള്ളിൽ ലൈസൻസ് നൽകും. ഡൽഹി കോർപറേഷന്റെ ലൈസൻസ് കാലാവധി മൂന്നു വർഷവും ഡൽഹി പൊലീസിന്റെയും ഫയർ സർവീസിന്റെയും ലൈസൻസ് 9 വർഷവുമായിരിക്കും. അപേക്ഷാ ഫോം 140 വിഭാഗങ്ങൾ നീക്കംചെയ്ത് 21ൽ നിന്ന് ഒമ്പത് പേജാക്കി. പൊലീസ് വെരിഫിക്കേഷൻ നടപടികൾ ഓൺലൈനാക്കും.