അടിവയറ്റിൽ ക്ഷതമേറ്റു, കഴുത്തുഞെരിഞ്ഞ നിലയിൽ; യുവ സംവിധായികയുടെ മരണം കൊലപാതകം?
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണം കൊലപാതകമെന്ന് സംശയം. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്ത് ഞെരിഞ്ഞാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പൊലീസ് നടത്തിയ ദേഹപരിശോധനയിൽ കഴുത്തിലുണ്ടായിരുന്ന മുറിവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ അടിവയറ്റിൽ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ലെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.
പത്ത് വർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന നയന ജീവനൊടുക്കിയതാകാമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പ്രമേഹ രോഗിയായ യുവതി മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.