സർക്കാരിന്റെ വിത്ത് ചതിച്ചു.

Tuesday 03 January 2023 12:19 AM IST

വെച്ചൂർ . സർക്കാർ കൊടുത്ത നെൽ വിത്ത് പകുതിയിലേറെ മുളച്ചില്ലെന്ന് പരാതിയുമായി കർഷകർ. വെച്ചൂർ പഞ്ചായത്തിലെ 6,7 വാർഡുകളിൽ പെടുന്ന 130 ഏക്കർ വരുന്ന അച്ചിനകം എട്ടൊന്നിൽ പാടശേഖരത്തിൽ പുഞ്ചകൃഷി ഇറക്കുന്നതിന് കൃഷി വകുപ്പ് കൊടുത്ത വിത്ത് മൂന്നിലൊന്ന് മാത്രമാണ് മുളച്ചത്. മുളച്ചതിനാകട്ടെ വേണ്ടത്ര കരുത്തുമില്ല. ഏക്കറിന് 30 കിലോ വിത്താണ് കൊടുത്തത്. കിലോയ്ക്ക് 42 രൂപ അധികം കൊടുത്താണ് കർഷകർ ഇത് വാങ്ങിയത്. വിത്ത് കിളിർക്കാത്തതിനെ തുടർന്ന് കിലോയ്ക്ക് 48 രൂപയ്ക്ക് വീണ്ടും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കർഷകർ വിത്ത് വാങ്ങുകയായിരുന്നു. ഇത് നൂറോളം വരുന്ന ചെറുകിട കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും വരുത്തിവച്ചു. വേണ്ടത്ര പരിശോധന ഇല്ലാതെ കർഷകർക്ക് വിത്ത് എന്ന പേരിൽ വിതരണം ചെയ്ത നെല്ല് നനഞ്ഞതും പഴകിയതുമാണെന്ന് കർഷകർ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ അന്വേഷണവും കടുത്ത നടപടിയും സ്വീകരിക്കണമെന്ന് കേരള സംസ്ഥാന കർഷക സംഘടന സംസ്ഥാന കമ്മ​റ്റിയംഗം സി എസ് രാജു ആവശ്യപ്പെട്ടു.