മന്നം ജയന്തി ആഘോഷത്തിന് ആവേശോജ്ജ്വല സമാപനം.

Tuesday 03 January 2023 12:56 AM IST

ചങ്ങനാശേരി . സമുദായാചാര്യൻ മന്നത്തുപദ്മനാഭന്റെ 146-ാമത് ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ സമാപനമായി. രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം നടന്ന പരിപാടിയിൽ വിവിധ താലൂക്ക് യൂണിയനുകളെയും കരയോഗത്തെയും പ്രതിനിധീകരിച്ച് പതിനായിരങ്ങളാണ് പെരുന്ന മന്നം നഗറിലെ എൻ എസ് എസ് ആസ്ഥാനത്തേക്കെത്തിയത്. രാവിലെ ഏഴ് മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മോഖലയിലെ പ്രമുഖരുടെ നീണ്ടനിരയെത്തി. ജയന്തി സമ്മേളനത്തിലെ മുഖ്യാതിഥികളായ ശശിതരൂർ എം പി, മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് എന്നിവരെ മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ശേഷം സമ്മേളന നഗരിയിലേക്ക് വാദ്യമേളങ്ങളോടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, പ്രസിഡന്റ് എം ശശികുമാറും മറ്റ് എൻ എസ് എസ് നേതാക്കളും സ്വീകരിച്ചാനയിച്ചു. നിറഞ്ഞ കൈയടിയോടെയാണ് ശശി തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. നേരത്തേ ഗസ്റ്റ് ഹൗസിൽ സുകുമാരൻ നായരും, തരൂരും ചർച്ച നടത്തി.

പ്രമുഖരാൽ നിറഞ്ഞ് പെരുന്ന.

മന്നം ജയന്തിദിനത്തിൽ പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തേയ്ക്ക് പ്രമുഖരുടെ ഒഴുക്ക്. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ ജയരാജ്, എം പിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, എം കെ രാഘവൻ, എൻ കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം എൽ എമാരായ രമശേ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, ജോബ് മൈക്കിൾ, കെ ബി ഗണേശ്കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ, മുൻ എം പിമാരായ എൻ പീതാംബരക്കുറുപ്പ്, വി എസ് ശിവകുമാർ, മുൻ എം എൽ എമാരായ പി ശിവദാസൻനായർ, ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴയ്ക്കൻ, രാജു എബ്രഹാം, മാലേത്ത് സരളാദേവി, വർക്കല കഹാർ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ വി നായർ, ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ്, വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, ജില്ലാ കളക്ടർ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ്, ലിജിൻ ലാൽ, വി വി രാജേഷ്, എ സൂരജ്, കെ ജി രാജ്‌മോഹൻ, ബി രാധാകൃഷ്ണമേനാൻ, കെ ആർ പ്രതാപചന്ദ്രവർമ്മ, എം ബി രാജഗോപാൽ, എസ് സുരേഷ്, ജി ഗോപകുമാർ, എൻ പി കൃഷ്ണകുമാർ, കോൺഗ്രസ് നേതാക്കളായ എം എം ഹസൻ, നാട്ടകം സുരേഷ്, ബി ബാബുപ്രസാദ്, ടോമി കല്ലാനി, ചിന്റു കുര്യൻ ജോയി തുടങ്ങിയവർ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി.

കൺവെൻഷൻ സെന്റർ തുറന്ന് കൊടുത്തു.

എൻ എസ് എസ് കൺവൻഷൻ സെന്റർ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 48900 സ്‌ക്വയർ ഫീറ്റുള്ള സെന്ററിന്റെ താഴത്തെ നിലയിൽ 750 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന വിശാലമായ ഡൈനിംഗ് ഹാൾ, മുകളിലത്തെ നിലയിൽ 1200 പേർക്ക് ഇരിക്കാവുന്ന ഹാൾ, വിശാലമായ സ്റ്റേജ്, രണ്ടു നിലകളിലും സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ സൗകര്യം, 200ൽ അധികം കാറുകളും 10ൽപ്പരം ബസുകളും ഒരേസമയം പാർക്ക് ചെയ്യാവുന്ന ഇന്റർലോക്ക് ടൈൽസ് പാകിയ വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ട്. മൂന്നു നിലകളിൽ ലിഫ്റ്റ് സൗകര്യത്തോടെ 14 മുറികൾ, പാർക്കിംഗ് സൗകര്യം എന്നിവയടങ്ങുന്ന 11300 സ്‌ക്വയർ ഫീറ്റിലുള്ള ഗസ്റ്റ് ഹൗസുമുണ്ട്.