മുടക്കിയത് 150 കോടി കിട്ടിയത് 44 കോടി
രോഹിത് ഷെട്ടി - രൺവീർ സിംഗ് കൂട്ടുകെട്ടിൽ എത്തിയ സർക്കസ് എന്ന ചിത്രം ബോക്സ് ഒാഫീസിൽ തകർന്നടിഞ്ഞു. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കളക്ഷൻ വെറും 44 കോടി രൂപയാണ്. ആദ്യദിനം ആറുകോടി രൂപയാണ് ചിത്രം നേടിയത്. ഷേക്സ്പിയറിന്റെ ദ കോമഡി ഒഫ് എറേഴ്സ് എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. രൺവീറിന്റെ മോശം പ്രകടനമായിരുന്നെന്നും പ്രമേയത്തിന് പുതുമ അവകാശപ്പെടാനില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. സൂര്യവൻശി എന്ന ചിത്രത്തിനുശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു.പൂജ ഹെഗ്ഡെ, ജോണി ലിവർ, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ശർമ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രൺവീർ സിംഗ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രത്തിന് ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം.