ബേസിലും വിപിൻദാസും ഇനി പൃഥ്വിരാജിനൊപ്പം
ഗുരുവായൂർ അമ്പലനടയിൽ ഒരുമിക്കൽ
പുതുവത്സര ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരൻ. ജയ ജയ ജയ ജയഹേ എന്ന സുപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ചത്. ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫും ആണ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് ചിത്രത്തിന്റെ കഥ കേട്ടതിന് ശേഷം ഓർക്കുമ്പോഴെല്ലാം തനിക്ക് ചിരിവരുമെന്നാണ് ചിത്രത്തിനെ കുറിച്ച് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ-ഫോർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. 'കുഞ്ഞിരാമായണം"എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും പറ്റുന്ന ഒരു ആഘോഷ ചിത്രമായിരിക്കും "ഗുരുവായൂർ അമ്പലനടയിൽ" എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. പി.ആർ.ഒ-എ.എസ്.ദിനേശ്.പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം സലാറിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ഗരുവായൂർ അമ്പലനടയിൽ. അതെസമയം , കഠിനകഠോരമീ അണ്ഡകടാഹം ആണ് റിലീസിനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രം.