മുന്നറിയിപ്പില്ലാതെ ബൈപാസിൽ ടാറിംഗ്, കുരുക്കോട് കുരുക്ക്.

Tuesday 03 January 2023 12:59 AM IST

പാലാ . മുന്നറിയിപ്പില്ലാതെ ബൈപാസിൽ ടാർ ചെയ്യാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനം പാലായെ കുരുക്കി. സംഭവം വിവാദമായതോടെ ഇന്ന് മുതൽ ടാറിംഗ് ആരംഭിക്കുമെന്നും വാഹനഗതാഗതം നിയന്ത്രിക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ് മുതൽ ബൈപാസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. നെടുനീളത്തിൽ വാഹനങ്ങളുടെ നിര. പുത്തൻപള്ളിക്കുന്ന് മുതൽ താഴോട്ട് കുരുക്കുമുറുകി. തൊടുപുഴ റൂട്ടിൽ നിന്ന് മിനി സിവിൽ സ്റ്റേഷൻ ബൈപാസിലേക്ക് കടക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയായതോടെ ജഗപൊക.
മൂന്ന് പൊലീസുകാർ പെടാപ്പാട് പെട്ടിട്ടും കുരുക്ക് അഴിഞ്ഞില്ല. സന്ധ്യയോടെ കാര്യങ്ങൾ കൈവിട്ടു. പാലാ മിനി സിവിൽ സ്റ്റേഷന് സമീപവും, ആർ വി ജംഗ്ഷന് സമീപവുമാണ് ടാറിംഗ് നടക്കുന്നത്. ഇന്ന് രാവിലെ 8 മുതൽ ഈ ഭാഗത്തെ ടാറിംഗ് തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ടാറിംഗ് പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പാണ് സഫലമാകുന്നത്.ഒപ്പം കെ എം മാണി വിഭാവനം ചെയ്ത പാലാ ബൈപാസിന്റെ 99 ശതമാനം പണികളും പൂർത്തിയാകും. മിനി സിവിൽസ്റ്റേഷൻ ഭാഗത്തുള്ള ഒരു കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചുള്ള പണികൾ മാത്രമാണ് ഇനി ബാക്കി.

Advertisement
Advertisement