അവഗണനയിൽ ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികൾ സമരം 328 ദിവസം പിന്നിടുന്നു തിരിഞ്ഞുനോക്കാതെ അധികാരികൾ

Tuesday 03 January 2023 3:52 AM IST

പാലോട്: ഒരായുസ് മുഴുവൻ എല്ലുമുറിയെ പണിയെടുത്തിട്ടും അധികൃതരുടെ കനത്ത അവഗണനയാൽ പട്ടിണിയിലായിരിക്കുകയാണ് ബ്രൈമൂർ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഒരുകാലത്ത് തലസ്ഥാനത്തെ പ്രമുഖ തേയില തോട്ടമായിരുന്ന ബ്രൈമൂർ എസ്റ്റേറ്റിലെ മുപ്പതോളം തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് ദുരിതത്തിൽ കഴിയുന്നത്. കഴിഞ്ഞ നാല് മാസമായി തൊഴിലാളികൾ സമരത്തിലാണ്.

ഇവിടെയുള്ളവർക്ക് റേഷനരി വാങ്ങാൻ ഒമ്പത് കിലോമീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം. തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പ് ചെയ്തിട്ടുണ്ടെങ്കിലും 275 മുതൽ 300 രൂപ വരെയാണ് ഇവർക്ക് നൽകിയിരുന്ന വേതനം. തേയിലയും റബറും സുഗന്ധവ്യഞ്ജനങ്ങളും കാടുമൂടിയ എസ്റ്റേറ്റിന്റെ നവീകരണത്തിന് മനേജ്‌മെന്റും താത്പര്യമെടുക്കുന്നില്ല. തൊഴിലാളികൾക്ക് കൂലിയും അർഹമായ ആനുകൂല്യങ്ങളും നിഷേധിച്ച്,സ്വകാര്യ ടൂറിസം റിസോർട്ടിന് കളമൊരുക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. പിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്നാണ് തൊഴിലാളികളോടുള്ള നിലപാട്.

തമിഴ്നാട്ടിൽ നിന്ന് എത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്.വിദേശിയായ എഡ്വേഡ് വിൽമൂനിന് ശേഷം നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയുടെ ഗന്ധമാണ് ഇവിടുള്ളത്.

അർഹമായ പരിഗണന കിട്ടാതെ

വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ, പ്രായാധിക്യത്തിന്റെ പേരിൽ ഇവർക്ക് വേതനം നിഷേധിച്ചിരിക്കുകയാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ്. ഇവിടത്തെ തൊഴിലാളികളിൽ 90 കഴിഞ്ഞ വെള്ളാച്ചിയമ്മയും പേച്ചിയമ്മയുമാണ് ഏറ്റവും പ്രായം ചെന്നവർ.